14 June Monday

ആഞ്ഞടിച്ച്‌ ടൗട്ടെ ; വ്യാപക നാശനഷ്‌ടം, മഹാരാഷ്‌ട്രയിൽ 6 മരണം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

image grab from windy.com


അഹമ്മദാബാദ്‌
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത്‌ തീരം തൊട്ടതോടെ കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും വ്യാപക നാശനഷ്‌ടം. മണിക്കൂറിൽ 165–175  കിലോമീറ്റർ വേഗതയിലാണ്‌ കരയിൽ പ്രവേശിച്ചത്‌. മരങ്ങൾ കടപുഴകി. നിരവധി വീടുകൾ തകർന്നു. അഹമ്മദാബാദ്‌, സൂറത്ത്‌, വഡോദര, രാജ്‌കോട്ട്‌ വിമാനത്താവളങ്ങൾ അടച്ചു.

ചൊവ്വാഴ്‌ച രാവിലെവരെ കടൽ പ്രക്ഷുബ്‌ധമായി തുടരും. തീരമേഖലയിലെ 17 ജില്ലയിൽനിന്ന്‌ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.  സംസ്ഥാനത്ത്‌ ദുരന്ത നിവാരണ സേനയുടെ 41 കേന്ദ്ര ടീമുകളും 10 സംസ്ഥാന ടീമുകളും രംഗത്തുണ്ട്‌. കോവിഡ്‌ ചികിത്സയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.

കേരളത്തിനു പുറമെ കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും ദാമൻ ദിയുവിലും കനത്ത നാശനഷ്‌ടം വിതച്ചാണ്‌ ടൗട്ടെ ഗുജറാത്ത്‌ തീരത്തെത്തിയത്‌. പോർബന്തറിനും ഭാവ്‌നഗറിലെ മഹുവയ്‌ക്കും ഇടയിൽ തിങ്കളാഴ്‌ച രാത്രി എട്ടിനും 11നും ഇടയിൽ കാറ്റ്‌ കരപതിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചത്‌.

മഹാരാഷ്‌ട്രയിൽ 6 മരണം
മഹാരാഷ്‌ട്രയിൽ മഴയിലും കാറ്റിലും വ്യത്യസ്‌ത സംഭവങ്ങളിലായി ആറ്‌ മരണം. റായ്ഗഡ് ജില്ലയിൽ മൂന്നുപേരും സിന്ധുദുർഗ്‌ ജില്ലയിൽ രണ്ടുപേരും മരിച്ചു. നവി മുംബൈയിൽ മരം വീണുണ്ടായ അപകടത്തിലാണ്‌ ഒരാൾ മരിച്ചത്‌. മുംബൈയിൽ വ്യോമ–-റെയിൽ ഗതാഗതം നിർത്തിവച്ചു. മുംബൈ വിമാനത്താവളത്തിൽ 22 സർവീസ്‌ റദ്ദാക്കി. ചുഴലിക്കാറ്റിനെ തുടർന്ന്‌ കർണാടകയിലുണ്ടായ മരണം എട്ടായി. 121 ഗ്രാമത്തെ ബാധിച്ചു. ദക്ഷിണ കന്നഡ, ബെലഗാവി, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിലാണ്‌ മരണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top