12 December Thursday

ടിസ്സിൽ കേന്ദ്രത്തിന്റെ ജനാധിപത്യക്കുരുതി ; പുരോഗമന വിദ്യാർഥി ഫോറത്തെ നിരോധിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2024



ന്യൂഡൽഹി
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ (ടിസ്സ്‌) ഇടതുപക്ഷ സംഘടനയായ പുരോഗമന വിദ്യാർഥി ഫോറത്തെ (പിഎസ്‌എഫ്‌) നിരോധിച്ച്‌  കേന്ദ്രസർക്കാരിന്റെ ജനാധിപത്യക്കുരുതി. സർവകലാശാലയുടെയും മോദി സർക്കാരിന്റെയും വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെയാണ്‌ എസ്‌എഫ്‌ഐയിൽ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള പിഎസ്‌എഫിനെ നിരോധിച്ചത്‌.

തിങ്കളാഴ്‌ച വൈകിട്ടാണ്‌ രജിസ്‌ട്രാർ അനിൽ സുതർ നിരോധന ഉത്തരവ്‌ പുറത്തിറക്കിയത്‌. മഹാരാഷ്‌ട്രയിലെ രണ്ട്‌ ക്യാമ്പസുകൾക്ക്‌ പുറമേ അസം, തെലങ്കാന സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌. സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു, വിദ്യാർഥികളെ വഴിതെറ്റിക്കുന്നു തുടങ്ങിയ വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചാണ്‌ നടപടി. ഉത്തരവ്‌ ലംഘിച്ച്‌ ക്യാമ്പസിൽ പരിപാടി സംഘടിപ്പിച്ചാൽ ബലം പ്രയോഗിക്കുമെന്നും ഭീഷണിയുണ്ട്‌. അധ്യാപകർക്കും വിദ്യാർഥികൾക്കും നടപടി നേരിടേണ്ടിവരും. ഉത്തരവ്‌ ലംഘിക്കുന്നവരുടെ വിവരം നൽകുന്ന ആളുകളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും– ഉത്തരവിൽ പറയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ്‌ ടിസ്സ്‌ ചെയർമാൻ.

അതേസമയം, ആഴ്‌ചകൾക്ക്‌ മുമ്പ്‌ ചട്ടവിരുദ്ധമായി അധ്യാപകരെയും അനധ്യാപകരെയും അടക്കം 119 പേരെ പിരിച്ചുവിട്ട നടപടി പിഎസ്‌എഫ്‌ നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടർന്ന്‌ പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായിരുന്നു. ഈ വർഷം ആദ്യം ഡൽഹിയിൽ ഐക്യ വിദ്യാർഥി മുന്നണി നടത്തിയ പാർലമെന്റ്‌ മാർച്ചിൽ ബിജെപിയെ വിമർശിച്ചതിനെ പേരിൽ പിഎച്ച്‌ഡി വിദ്യാർഥിയായ കൽപ്പറ്റ സ്വദേശി രാമദാസ്‌ പ്രിനി ശിവാനന്ദനെ മുംബൈ ടിസ്സ്‌ രണ്ടുവർഷത്തേയ്‌ക്ക്‌ പുറത്താക്കിയിരുന്നു. പിഎസ്‌എഫ്‌ നേതാവും എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗവുമാണ്‌ അദ്ദേഹം. പുറത്താക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ക്യാമ്പസിൽ തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മുതൽ പ്രക്ഷോഭം നടത്തുമെന്ന്‌ പിഎസ്‌എഫ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌  ആറുമണിയോടെ സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചത്‌. ജനാധിപത്യത്തെയും പ്രതിപക്ഷ ശബ്‌ദങ്ങളെയും അടിച്ചമർത്താനുള്ള നീക്കമാണ്‌ നിരോധനമെന്നും ശക്തമായി നേരിടുമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top