21 August Wednesday

ജമ്മു കശ്‌മീരിൽ തരിഗാമി ഏകാന്തത്തടവിൽ; ബന്ധുക്കളെ കാണാൻ പോലും അനുവാദമില്ല

എം പ്രശാന്ത്‌Updated: Wednesday Aug 14, 2019

ശ്രീനഗർ> സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഏകാന്തത്തടവിൽ. ജമ്മു കശ്‌മീരിന്റെ  പ്രത്യേകപദവി അസാധുവാക്കിയ ദിവസം പുലർച്ചെയാണ്‌ അദ്ദേഹത്തെ ശ്രീനഗർ ഗുപ്‌കാർ റോഡിലെ വീട്ടിൽ തടവിലാക്കിയത്‌. ഈദ്‌ ദിനത്തിൽ പോലും ബന്ധുക്കളെയോ സഹപ്രവർത്തകരെയോ കാണാൻ അനുവദിച്ചില്ല.

തിങ്കളാഴ്‌ച കനത്ത സുരക്ഷാസംവിധാനങ്ങൾ മറികടന്ന്‌ വീടിനു മുന്നിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങൾക്ക്‌ പോലും കാണാൻ അനുമതി നൽകുന്നില്ലെന്ന്‌ വീടിന്‌ കാവൽ നിൽക്കുന്ന ഐടിബിപി സംഘം പറഞ്ഞു. ആരോഗ്യനില എങ്ങനെയുണ്ടെന്ന്‌ ചോദിച്ചപ്പോൾ, അതൊന്നും കുഴപ്പമില്ലെന്നായിരുന്നു മറുപടി. പത്രത്തിൽ നിന്നാണെന്നും അദ്ദേഹത്തിന്‌ പറയാനുള്ളത്‌ എഴുതി നൽകണമെന്നും ആവശ്യപ്പെട്ട്‌ കുറിപ്പ്‌ നൽകിയെങ്കിലും മറുപടിക്കുറിപ്പ്‌ എത്തിക്കാൻ അധികൃതർ തയ്യാറായില്ല.  മൊബൈൽ, ലാൻഡ് ഫോൺ, ഇന്റനെറ്റ്‌ കണക്‌ഷനുകളും  വിച്ഛേദിച്ചിരിക്കുകയാണ്‌.

പ്രത്യേക പദവി റദ്ദാക്കുന്നതിന്‌ മുന്നോടിയായി ഞായറാഴ്‌ച അർധരാത്രിയാണ്‌ ജമ്മു കശ്‌മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. പിന്നാലെ, തരിഗാമിയെയും അറസ്‌റ്റ്‌ ചെയ്‌തതായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. ‘ദേശാഭിമാനി’ പുലർച്ചെ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. അറസ്‌റ്റ്‌ ചെയ്‌തതു സംബന്ധിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ അന്ന്‌ പറഞ്ഞത്‌. ഇതിനുശേഷം പുറംലോകവുമായി അദ്ദേഹത്തിന്‌ ഒരു ബന്ധവുമില്ല. തരിഗാമിയെ കാണാൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ശ്രീനഗറിൽ എത്തിയെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞു. സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി ശ്രീനഗറിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി. വിമാനത്താവളത്തിലെ രണ്ട്‌ ലാൻഡ്‌ലൈനുകളും നിലച്ചു. ജില്ലാമജിസ്‌ട്രേട്ടിന്റെ ഓഫീസിലെ ലാൻഡ്‌ലൈൻ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌.

കശ്‌മീർ ശാന്തമാണെന്ന പ്രതീതി സൃഷ്ടിക്കാൻ സർക്കാർ മേൽനോട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കം സജീവമാക്കി. സർക്കാർ അനുകൂല ദേശീയമാധ്യമങ്ങൾ വഴി പ്രചാരണവും നടത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top