താനൂർ > തീരദേശത്തെ വിവിധ അക്രമങ്ങളിൽ പ്രതികളായ 12 മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ചെറുപുരക്കൽ ജംഷീർ, ചേക്കാമാടത്ത് അഫ്സൽ, സുഹൈബ്, ഹാജ്യാരകത്ത് മുനീർ, ചീമ്പാളിന്റെ പുരക്കൽ ഹുസൈൻ, യൂസഫ്, ചാലിന്റെ പുരക്കൽ അൻവർ, ഉമൈറത്തിന്റെ പുരക്കൽ സാദിഖ്, നൗഷാദ്, കിണറ്റിങ്ങൽ സുൽഫിക്കർ, ആയിഷാന്റെ പുരക്കൽ മസമിർ, പരീക്ഷ കടവത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
ചാപ്പപ്പടിയിൽ ട്രോമാകെയർ വളന്റിയർ പൗറുകടവത്ത് ജാബിർ വധശ്രമം, ട്രോമാകെയർ വളന്റിയറായ ഫാരിസിന്റെ ഓട്ടോറിക്ഷ കത്തിക്കൽ, പൊലീസിന് നേരെ അക്രമം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.
2020 ഏപ്രിൽ മൂന്നിനാണ് ട്രോമാകെയർ വളന്റിയറായ പൗറുകടവത്ത് ജാബിറിനെ പ്രകോപനമില്ലാതെ ലീഗ് പ്രവർത്തകർ ആക്രമിച്ചത്. ലോക് ഡൗണിനെ തുടർന്ന് താനൂർ നഗരത്തിൽ ട്രോമാകെയർ വളന്റിയർമാർ സേവന പ്രവർത്തനം നടത്തിയിരുന്നു. പുലർച്ചെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കെപിസി റോഡിനുസമീപത്തെ ലീഗ് ഓഫീസിനുമുൻ വശത്തുവച്ചാണ് ജാബിറിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിനുപിന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചീമ്പാളിന്റെ പുരക്കൽ യൂസഫും സംഘവുമാണെന്ന് ജാബിർ മൊഴി നൽകിയിരുന്നു.
ട്രോമാകെയർ വളന്റിയറായ ഫാരിസിന്റെ ഓട്ടോറിക്ഷ ഏപ്രിൽ 13നാണ് കത്തിച്ചത്. ചാപ്പപ്പടിയിലെ കടയോടുചേർന്നായിരുന്നു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. ജാബിറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എത്തിയപ്പോൾ ജൂൺ 14ന് പകൽ 11ഓടെയാണ് ചാപ്പപ്പടിയിൽ പൊലീസിനെ ആക്രമിച്ചത്.
വധശ്രമം, തീവയ്പ്, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിഐ പി പ്രമോദ് പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി മൂന്നുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. പ്രതികളെ തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കുശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി ജില്ലാ ജയിലിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..