21 July Sunday

തമിഴ‌കം പ്രചാരണച്ചൂടിലേക്ക‌് ; പ്രകടനപത്രിക പുറത്തിറക്കി

വി ജയിൻUpdated: Wednesday Mar 20, 2019

ചെന്നൈ
സീറ്റുവിഭജനം പൂർത്തിയാക്കി ഇരുമുന്നണികളുടെയും പ്രധാന കക്ഷികൾ പ്രകടനപത്രികയും പുറത്തിറക്കിയതോടെ തമിഴ‌്നാട‌് പ്രചാരണത്തിന്റെ ചൂടിലമർന്നു. ഏപ്രിൽ 18ന‌് രണ്ടാംഘട്ടമായാണ‌് തെരഞ്ഞെടുപ്പ‌്.

ചെന്നൈ അണ്ണാ അറിവാലയത്തിൽ  ചൊവ്വാഴ‌്ച ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും കനിമൊഴിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഡിഎംകെയുടെ  പ്രകടനപത്രിക പ്രകാശനം. കാർഷികവായ‌്പകൾ എഴുതിത്തള്ളുമെന്നാണ‌് പ്രധാന വാഗ‌്ദാനം. വിദ്യാഭ്യാസവായ‌്പയെടുത്ത വിദ്യാർഥികൾക്കും കടാശ്വാസം നൽകും. കൃഷിക്ക‌് പ്രത്യേക ബജറ്റ‌്, ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ‌്) നിർത്തലാക്കും, ദാരിദ്ര്യരേഖയ‌്ക്കു താഴെയുള്ള സ‌്ത്രീകൾക്ക‌് കച്ചവടം തുടങ്ങാൻ 50,000 രൂപ സഹായം, സ‌്കൂൾ–-കോളേജ‌് വിദ്യാർഥികൾക്ക‌് ട്രെയിനിൽ സൗജന്യയാത്ര, മധുര, ട്രിച്ചി, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ മെട്രോ റെയിൽ, സേതുസമുദ്രം പദ്ധതി പുനരാരംഭിക്കും, രാജീവ‌് വധക്കേസിലെ പ്രതികളെ വിട്ടയക്കും എന്നിവയാണ‌് മറ്റ‌് പ്രധാന വാഗ‌്ദാനങ്ങൾ.

‘അമ്മ ദേശീയ ദാരിദ്ര്യനിർമാർജന പദ്ധതി’ നടപ്പാക്കി ദാരിദ്ര്യരേഖയ‌്ക്കു താഴെയുള്ള കുടുംബങ്ങൾക്ക‌് പ്രതിമാസം 1500 രൂപ വീതം നൽകുമെന്നാണ‌് എഐഎഡിഎംകെയുടെ പ്രധാന വാഗ‌്ദാനം. പുതുശേരിക്ക‌് സംസ്ഥാനപദവി, നദീബന്ധപദ്ധതികൾ, വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ നടന്ന യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ അന്താരാഷ‌്ട്ര ഏജൻസിയെ നിയോഗിക്കാൻ ആവശ്യപ്പെടും, നീറ്റ‌് നിർത്തലാക്കും, രാജീവ‌് വധക്കേസിലെ പ്രതികളെ വിട്ടയക്കും എന്നിവയും എഐഎഡിഎംകെയുടെ വാഗ‌്ദാനങ്ങളാണ‌്.

രണ്ട‌് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മത്സരചിത്രവും വ്യക്തമായി. പുതുശേരിയിലെ ഒരു സീറ്റടക്കം 40 സീറ്റുകളിൽ 20 എണ്ണത്തിൽവീതമാണ‌് ഡിഎംകെയും എഐഎഡിഎംകെയും മത്സരിക്കുന്നത‌്. പകുതി സീറ്റുകൾ ഇരു കക്ഷികളും ഘടകകക്ഷികൾക്ക‌് നൽകി. ഡിഎംകെയും എഐഎഡിഎംകെയും നേരിട്ട‌് ഏറ്റുമുട്ടുന്നത‌് എട്ട‌് മണ്ഡലത്തിൽമാത്രം. ചെന്നൈ സൗത്ത‌്, കാഞ്ചീപുരം, തിരുവണ്ണാമല, തിരുനെൽവേലി, മയിലാടുതുറ, സേലം, നീലഗിരി, പൊള്ളാച്ചി എന്നീ മണ്ഡലങ്ങളിലാണ‌് ഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികൾ നേരിട്ട‌് ഏറ്റുമുട്ടുന്നത‌്. എഐഎഡിഎംകെയുടെ 37 എംപിമാരിൽ ആറ‌ുപേർ മാത്രമാണ‌് വീണ്ടും ജനവിധി തേടുന്നത‌്. ഇത‌് പാർടിക്കുള്ളിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട‌്. ദിണ്ടിഗൽ, കടലൂർ മണ്ഡലങ്ങൾ സഖ്യകക്ഷിയായ പിഎംകെയ‌്ക്ക‌് വിട്ടുകൊടുത്തത‌് എഐഎഡിഎംകെയ‌്ക്കുള്ളിലെ ഗ്രൂപ്പ‌ുപോര‌ുമൂലമാണ‌്.

ഇതിനിടെ ജയലളിത മന്ത്രിസഭയിലെ പൊതുമരാമത്ത‌് മന്ത്രിയായിരുന്ന രാജാ കണ്ണപ്പൻ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെ നേരിട്ട‌് കണ്ട‌് ഡിഎംകെയ‌്ക്ക‌് പിന്തുണ അറിയിച്ചു.

തിരുവണ്ണാമലയിൽ എസ‌് എസ‌് കൃഷ‌്ണമൂർത്തിയെയും ആരണിയിൽ വി ഏഴുമലയെയും എഐഎഡിഎംകെ സ്ഥാനാർഥികളാക്കിയതിലും പ്രതിഷേധം പരസ്യമായി. രാജ്യസഭാംഗമായ വി മൈത്രേയൻ വീണ്ടും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല.

ഡിഎംകെയിൽ പ്രശ‌്നങ്ങളൊന്നും ഉയർന്നിട്ടില്ല. ചെന്നൈ സെൻട്രലിൽ ദയാനിധിമാരൻ, ശ്രീപെരുംപതൂരിൽ ടി ആർ ബാലു, തൂത്തുക്കുടിയിൽ കനിമൊഴി, നീലഗിരിയിൽ രാജ എന്നിവരാണ‌് ഡിഎംകെയിലെ പ്രധാന സ്ഥാനാർഥികൾ.

2014ലെ തെരഞ്ഞെടുപ്പിൽ തെക്കൻ തമിഴ‌്നാട്ടിലെ പത്തിൽ ഒമ്പത‌് സീറ്റും എഐഎഡിഎംകെയ‌്ക്കാണ‌് ലഭിച്ചത‌്. കന്യാകുമാരിയിൽനിന്ന‌് ബിജെപി ജയിച്ചതാണ‌് അപവാദം. ഇക്കുറി തെക്കൻ തമിഴ‌്നാട്ടിലെ മധുര, തിരുനെൽവേലി, തേനി എന്നീ മണ്ഡലങ്ങളിൽമാത്രമാണ‌് എഐഎഡിഎംകെ മത്സരിക്കുന്നത‌്. ബാക്കി ഘടകകക്ഷികൾക്ക‌് നൽകി.


പ്രധാന വാർത്തകൾ
 Top