19 June Wednesday

മതനിരപേക്ഷ ബദലിന‌് മികച്ച മാതൃക; തമിഴ‌്നാട്ടിൽ ഡിഎംകെ മുന്നണിക്ക‌് 36 സീറ്റ‌്

വി ജയിൻUpdated: Thursday May 23, 2019

ചെന്നൈ> ദേശീയതലത്തിൽ  ബിജെപി ഉയർത്തുന്ന വർഗീയരാഷ‌്ട്രീയത്തെ ചെറുക്കാനുള്ള ജനാധിപത്യ മതനിരപേക്ഷ മുന്നണിക്ക‌് ഏറ്റവും മികച്ച മാതൃകയാണ‌് തമിഴ‌്നാട്ടിലുണ്ടായത‌്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണി  38ൽ 36 സീറ്റോടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പു വിജയം നേടുകയും ചെയ‌്തു. എഐഎഡിഎംകെ–-ബിജെപി മുന്നണി ദയനീയമായി പരാജയപ്പെട്ടു. രണ്ട്‌ സീറ്റ്‌ മാത്രമാണ്‌ എഐഎഡിഎംകെക്ക്‌  നേടാനായത്‌. 22 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സർക്കാരിന‌് ഭീഷണിയില്ലാത്ത ഫലമാണുണ്ടായത‌്.

ആകെയുള്ള ലോക‌്സഭാ  39 സീറ്റുകളിൽ 38 എണ്ണത്തിലാണ‌് തെരഞ്ഞെടുപ്പ‌് നടന്നത‌്.  കള്ളപ്പണം കണ്ടെടുത്തതിനെ തുടർന്ന‌് വെല്ലൂരിലെ തെരഞ്ഞെടുപ്പ‌് മാറ്റിവെച്ചിരുന്നു.  ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ‌്ണൻ കന്യാകുമാരിയിലും ലോക‌്സഭാ ഡെപ്യൂട്ടി സ‌്പീക്കർ എം തമ്പിദുരൈ കരൂരിലും പരാജയപ്പെട്ടു. ഡിഎംകെ  നേതാവും എം കരുണാനിധിയുടെ മകളുമായ കനിമൊഴി തൂത്തുക്കുടിയിൽനിന്ന‌് വിജയിച്ചു. കോയമ്പത്തൂരിലും മധുരയിലും സിപിഐ എം സ്ഥാനാർഥികളും തിരുപ്പൂർ, നാഗപട്ടണം സീറ്റുകളിൽ സിപിഐ സ്ഥാനാർഥികളും ജയിച്ചത‌് ഇടതുപക്ഷത്തിന‌് നേട്ടമായി.

20 സീറ്റിലാണ‌് ഡിഎംകെ മത്സരിച്ചത‌്. എന്നാൽ ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യൻ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ച മുന്നണി സ്ഥാനാർഥികളും വിജയിച്ചു. ഇങ്ങനെ  ഡിഎംകെക്ക‌് 23 സീറ്റ‌് ലഭിച്ചു. കോൺഗ്രസ‌് എട്ട‌് സീറ്റിലും വിജയിച്ചു. മുസ്ലിംലീഗിനും ഒരു സീറ്റ‌് ലഭിച്ചു.  മൊത്തം പോൾ ചെയ‌്ത വോട്ടിൽ 35 ശതമാനത്തോളം ഡിഎംകെ നേടി. എഐഎഡിഎംകെയ‌്ക്ക‌് 20 ശതമാനത്തോളം വോട്ടാണ‌് ലഭിച്ചത‌്. കോൺഗ്രസിന‌് 13 ശതമാനത്തോളം വോട്ട‌് ലഭിച്ചു. കമൽഹാസന്റെ മക്കൾ നീതി മയ്യം 10 ലക്ഷത്തോളം വോട്ട‌് നേടി.

ശക്തികേന്ദ്രമായി കരുതപ്പെട്ട പടിഞ്ഞാറൻ തമിഴ‌്നാട‌് അടക്കം തമിഴ‌്നാട്ടിന്റെ എല്ലാ മേഖലകളിലും എഐഎഡിഎംകെ മുന്നണി തകർന്നടിഞ്ഞു. രാഷ‌്ട്രീയ നിലപാടില്ലാതെ ചാഞ്ചാടുകയും പ്രഖ്യാപിത നിലപാടുകളിൽ നിന്ന‌് അകന്ന‌് ബിജെപിയുമായി കൂട്ടുകൂടുകുയും ചെയ‌്ത പാട്ടാളി മക്കൾ കക്ഷിക്ക‌് അതിന്റെ ശക്തികേന്ദ്രമായ വടക്കൻ തമിഴ‌്നാട‌് ജില്ലകളിൽ ശക്തമായ തിരിച്ചടിയേറ്റു.  പിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൻപുമണി രാംദോസ‌് ധർമപുരിയിൽ പരാജയപ്പെട്ടു.  വടക്കൻ തമിഴ‌്നാട‌്, കാവേരി ഡൽറ്റാ ജില്ലകൾ അടങ്ങുന്ന മധ്യ തമിഴ‌്നാട‌്, പടിഞ്ഞാറൻ തമിഴ‌്നാട‌്, തെക്കൻ തമിഴ‌്നാട‌് എന്നീ എല്ലാ മേഖലകളിലും  ഡിഎംകെ മുന്നണി വ്യക്തമായ ആധിപത്യം നേടി.

2014ൽ നടന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 39ൽ 37 സീറ്റാണ‌് എഐഎഡിഎംകെ നേടിയത‌്. 44.28 ശതമാനം വോട്ടും അവർ നേടി. ഡിഎംകെക്ക‌് 23.57 ശതമാനം വോട്ട‌് ലഭിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. ധർമപുരിയിൽ പാട്ടാളി മക്കൾ കക്ഷിയും കന്യാകുമാരിയിൽ ബിജെപിയും ജയിച്ചതാണ‌് 2014ൽ എഐഎഡിഎംകെ ഒഴികെയുള്ള പാർടികളുടെ വിജയം. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ ഈ വിജയത്തിന്റെ ശക്തി കുറഞ്ഞു. 234 അംഗ നിയമസഭയിൽ 135 സീറ്റിലാണ‌് എഐഎഡിഎംകെ വിജയിച്ചത‌്. വോട്ടു ശതമാനം 40.75 ആയി കുറയുകയും ചെയ‌്തു. ഡിഎംകെ 180 സീറ്റുകളിൽ മത്സരിച്ച‌് 88 സീറ്റിൽ വിജയിച്ചു. 31.62 ശതമാനം വോട്ടും നേടി. ഇപ്പോൾ ഡിഎംകെ നില കൂടുതൽ മെച്ചപ്പെടുത്തി.

കരുണാനിധി, ജയലളിത എന്നിവരുടെ കാലശേഷം തമിഴ‌്നാട‌് എങ്ങോട്ടുപോകുന്നു എന്നാണ‌് ഈ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത‌്. ഏതെങ്കിലും ദ്രാവിഡ പാർടിയുടെ തോളിൽ കയറി തമിഴ‌്നാട് രാഷ‌്ട്രീയത്തിൽ കാലുറപ്പിക്കാമെന്ന ബിജെപിയുടെ മോഹത്തിനുള്ള കനത്ത തിരിച്ചടി കൂടിയാണ‌് തെരഞ്ഞെടുപ്പു ഫലം. ഡിഎംകെ മുന്നണിക്ക‌് ലഭിച്ച ജനവിധി രാജ്യത്തെ മതനിരപേക്ഷ–-ജനാധിപത്യ രാഷ‌്ട്രീയത്തെ കൂടുതൽ ശക്തമാക്കി വർഗീയരാഷ‌്ട്രീയത്തെ ചെറുക്കുകയെന്നതാണ‌് ഈ തെരഞ്ഞെടുപ്പ‌് തമിഴ‌്നാടിന‌് നൽകുന്ന സന്ദേശം. അതിൽ നിന്ന‌് വ്യതിചലിച്ചാൽ അത‌് ദ്രാവിഡ രാഷ‌്ട്രീയത്തോട‌് ചെയ്യുന്ന അനീതിയായി മാറും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top