29 May Sunday

യുപിയില്‍ ബിജെപിക്ക് പ്രഹരം ; നാല് എംഎൽഎമാരും ബിജെപി വിട്ടു

പ്രത്യേക ലേഖകൻUpdated: Wednesday Jan 12, 2022


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകൾമാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബിജെപിക്ക്‌ കനത്ത ആഘാതമേൽപ്പിച്ച്‌ സംസ്ഥാന തൊഴിൽമന്ത്രി സ്വാമി പ്രസാദ്‌ മൗര്യയും നാല് എംഎൽഎമാരും ബിജെപിയിൽനിന്നും ഔദ്യോഗിക പദവികളിൽനിന്നും രാജിവെച്ചു. പ്രസാദ്‌ മൗര്യയും രാജിവച്ച എംഎൽഎമാരിൽ ഒരാളായ റോഷൻ ലാൽ വർമയും സമാജ്‌വാദി പാർടി(എസ്‌പി)യിൽ ചേർന്നു. ഭഗവതി പ്രസാദ്‌ സാഗർ, ബ്രജേഷ്‌ പ്രജാപതി, വിനയ്‌ സാഖ്യ എന്നിവരാണ്‌ രാജിവച്ച മറ്റു എംഎൽഎമാർ.

കർഷകരെയും ദളിതരെയും ചെറുകിട കച്ചവടക്കാരെയും തൊഴിൽരഹിതരെയും യോഗി ആദിത്യനാഥ്‌ സർക്കാരും ബിജെപിയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ സ്വാമി പ്രസാദ്‌ മൗര്യ ട്വീറ്റ്‌ ചെയ്‌തു. രാജിക്കത്ത്‌ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ മൗര്യയോടൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ്‌ ചെയ്‌തു. മൗര്യയെയും ഇതര നേതാക്കളെയും എസ്‌പിയിലേക്ക്‌ അഖിലേഷ്‌ സ്വാഗതം ചെയ്‌തു. അതേസമയം, ബിജെപിയിലേക്ക്‌ മടങ്ങാൻ മൗര്യയോട്‌ യുപി ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യ അഭ്യർഥിച്ചു.

പ്രബല ഒബിസി നേതാവ്‌
കിഴക്കൻ ഉത്തർപ്രദേശിൽ യാദവേതര ഒബിസി വിഭാഗങ്ങളിൽ നല്ല സ്വാധീനമുള്ള മൗര്യയുടെ രാജി ബിജെപിക്ക്‌ തെരഞ്ഞെടുപ്പിൽ കാര്യമായ ക്ഷീണമുണ്ടാക്കും. പൂർവാഞ്ചലിലെ ഖുഷിനഗറിൽനിന്ന്‌ അഞ്ച്‌ തവണയായി അദ്ദേഹം എംഎൽഎയായി. മൗര്യയുടെ മകൾ സംഗമിത്ര മൗര്യ ബദാവൂ മണ്ഡലത്തിലെ ബിജെപി ലോക്‌സഭാംഗമാണ്‌. യുവ ലോക്‌ദൾ വഴി പൊതുജീവിതം തുടങ്ങിയ മൗര്യ മായാവതി സർക്കാരിൽ മന്ത്രിയായിരുന്നു. ബിഎസ്‌പിയിൽനിന്ന്‌ 2016ലാണ്‌ ബിജെപിയിൽ എത്തിയത്‌. ഈ തെരഞ്ഞെടുപ്പിൽ ബിജെപി യോഗി ആദിത്യനാഥിന്റെ പേര്‌ ഉയർത്തിക്കാട്ടുന്നതിൽ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

മായാവതി മത്സരിക്കില്ല
ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി അധ്യക്ഷ മായാവതി മത്സരിക്കില്ലെന്നും പ്രചാരണത്തിന്‌ നേതൃത്വം നൽകുമെന്നും പാർടി ജനറൽ സെക്രട്ടറി എസ്‌ സി മിശ്ര. രാജ്യസഭാംഗമായ മിശ്രയും മത്സരിക്കില്ല.യുപിയില്‍ 403 മണ്ഡലത്തിലും ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യത്തിലുമാണ്‌ ബിഎസ്‌പി മത്സരിക്കുന്നത്‌.

ബിജെപി സഖ്യം വിടാന്‍ 
അപ്‌നാദൾ
ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദൾ സമാജ്‌വാദി പാർടിയുമായി ധാരണയ്‌ക്ക്‌ നീക്കം. അപ്‌നാദൾ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവുമായി കൂടിക്കാഴ്‌ച നടത്തിയെന്നാണ്‌ വിവരം. എസ്‌പി  സഖ്യകക്ഷിയായ സുഹേൽദേവ്‌ ഭാരതീയ സമാജ്‌പാർടി അധ്യക്ഷൻ ഓം പ്രകാശ്‌ രാജ്‌ബറാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ചില ബിജെപി മന്ത്രിമാരും അഖിലേഷുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും രാജ്‌ബർ പറഞ്ഞു. ബിജെപി നേതാവ്‌ ദയാശങ്കർ സിങ്‌ കഴിഞ്ഞ ദിവസം രാജ്‌ബറുമായി കൂടിക്കാഴ്‌ച നടത്തി. ദയാശങ്കറും ഭാര്യയും യുപി മന്ത്രിയുമായ സ്വാതി സിങ്ങും ബിജെപി വിടുമെന്നും റിപ്പോർട്ടുണ്ട്‌.

ഗോവയിൽ തൃണമൂൽ– കോൺഗ്രസ്‌ 
സഖ്യത്തിന്‌ എൻസിപി
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും തൃണമൂലുമായും സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി എൻസിപി. ഇരു പാർടികളുമായും ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ എൻസിപി അധ്യഷൻ ശരദ്‌ പവാർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top