20 November Wednesday

ഫാസിസ്‌റ്റ്‌വിരുദ്ധ പോരാട്ടത്തിന്‌ കുതിപ്പേകാൻ ഇനി സുർജിത്‌ ഭവൻ

എം പ്രശാന്ത‌്Updated: Thursday Oct 3, 2019



ന്യൂഡൽഹി
സിപിഐ എം മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സൂർജിത്തിന്റെ സ്‌മരണാർഥം നിർമിച്ച ‘സൂർജിത്‌ ഭവൻ’ നാടിനു സമർപ്പിച്ചു.  മഹാത്‌മാഗാന്ധിയുടെ 150–-ാം ജന്മവാർഷിക ദിനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. ന്യൂഡൽഹിയിൽ ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിൽ ആറ്‌ നിലകളുള്ളതാണ്‌ സൂർജിത്‌ ഭവൻ. ഗാന്ധിജയന്തി ദിനത്തിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായി നിരവധി ഐതിഹാസിക സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ ഹർകിഷൻ സിങ്‌ സുർജിത്തിന്‌ അനുയോജ്യമായ ശ്രദ്ധാഞ്ജലിയായി മാറി. സിപിഐ എമ്മിന്റെ കേന്ദ്ര പാർടി സ്‌കൂൾ സുർജിത്‌ ഭവനിൽ പ്രവർത്തിക്കും.

റസിഡൻഷ്യൽ സ്‌കൂളായിട്ടാകും  പ്രവർത്തിക്കുകയെന്ന്‌  സീതാറാം യെച്ചൂരി പറഞ്ഞു.  ഭഗത്‌ സിങ്ങിന്റെ രക്തസാക്ഷിത്വദിനവും സുർജിത്തിന്റെ ജന്മദിനവുമായ മാർച്ച്‌ 23ന്‌ പാർടി സ്‌കൂൾ പ്രവർത്തിച്ചുതുടങ്ങും.

10 ലക്ഷത്തിലധികം പാർടി അംഗങ്ങളുടെയും ലക്ഷക്കണക്കിന്‌ പാർടി അനുഭാവികളുടെയും അകമഴിഞ്ഞ പിന്തുണയാലാണ്‌ സുർജിത്‌ ഭവൻ യാഥാർഥ്യമായതെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഉദ്‌ഘാടനത്തിന്‌ മുമ്പായി പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള  പതാക ഉയർത്തി. ബിമൻ ബസു സുർജിത്തിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്‌തു. മറ്റ്‌ പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളും സന്നിഹിതരായി. സുർജിത്തിന്റെ മക്കളും ബന്ധുക്കളും ചടങ്ങിനെത്തി. മൂന്ന്‌ ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം സുർജിത്‌ ഭവനിലാണ്‌ ചേരുന്നത്‌.


പ്രധാന വാർത്തകൾ
 Top