15 December Sunday

നിയമവിരുദ്ധ കുടിയേറ്റം: അഭയാർഥിപദവി സുപ്രീംകോടതി തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

ന്യൂഡൽഹി> അനധികൃത കുടിയേറ്റക്കാർക്ക‌് അഭയാർഥിപദവി നൽകാനാകുമോ എന്ന‌ വിഷയത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കും. രോഹിൻഗ്യൻ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ‌് അഭയാർഥിപദവിയുടെ നിയമസാധുത വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത‌്. ഇന്ത്യയിലുള്ള രോഹിൻഗ്യൻ അഭയാർഥികളെ തിരിച്ചയക്കരുതെന്നും അന്താരാഷ്ട്ര നിയമപ്രകാരമുള്ള സൗകര്യങ്ങളും അവകാശവും നൽകണമെന്നും ആവശ്യപ്പെട്ട‌്  രോഹിൻഗ്യൻ വിഭാഗക്കാർ നൽകിയ ഹർജിയാണ‌്  പരിഗണിച്ചത‌്. ആഗസ്തിൽ കേസ‌് വീണ്ടും പരിഗണിക്കും.

ഇവർ അഭയാർഥികളാണോ എന്ന‌തിൽ തീരുമാനം വേണമെന്ന‌് കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന‌ാണ‌് മറ്റ‌് വിഷയങ്ങൾ തീർപ്പാക്കുംമുമ്പ‌് ഈ സുപ്രധാന ചോദ്യത്തിന‌് ഉത്തരം കണ്ടെത്താമെന്ന‌് ചീഫ‌്ജസ്റ്റിസ‌് രഞ്ജൻ ഗൊഗോയ‌് അറിയിച്ചത‌്. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും രേഖകളും നിർദേശങ്ങളും സമർപ്പിക്കാൻ ചീഫ‌്ജസ്റ്റിസ‌് അധ്യക്ഷനായ ബെഞ്ച‌് അഭിഭാഷകരോട‌് നിർദേശിച്ചു. ഇവർ അഭയാർഥികളാണോയെന്നും അനധികൃത കുടിയേറ്റക്കാർക്ക‌് അഭയാർഥി പദവി നൽകാമോ എന്നും തീരുമാനിക്കണമെന്ന‌് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

പൗരന്മാരല്ലാത്തവർക്ക‌് നിയമത്തിനുകീഴിൽ അഭയാർഥിപദവി നൽകുന്നതിന്റെ അടിസ്ഥാനമെന്താണെന്ന‌് ജസ്റ്റിസ‌് അനിരുദ്ധ ബോസ‌് ചോദിച്ചു. പീഡനംനേരിട്ട‌് പലായനം ചെയ്യുന്നവർക്ക‌് അഭയം നൽകുന്നതും അഭയാർഥിപദവി അംഗീകരിക്കുന്നതും പരിശോധിക്കാൻ വിവിധ രാജ്യങ്ങൾക്ക‌് വകുപ്പുകളുണ്ടെന്ന‌് ഹർജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ‌് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരാണെന്ന കേന്ദ്രവാദം അംഗീകരിച്ച‌് 2018 ഒക്ടോബറിൽ ഏഴ‌് രോഹിൻഗ്യകളെ തിരിച്ചയക്കാൻ സുപ്രീംകോടതി അനുവദിച്ചിരുന്നു. ചീഫ‌് ജസ്റ്റിസ‌് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയെത്തുടർന്ന‌് ഏഴ‌് പേരെയും  മ്യാൻമറിന‌് കൈമാറി.

ആദ്യമായിട്ടാണ‌് രോഹിൻഗ്യകളെ ഇന്ത്യ മടക്കിയയയച്ചത‌്. വംശഹത്യയിൽനിന്ന‌് രക്ഷപ്പെട്ടെത്തിയവരെ തിരിച്ചയച്ചാൽ കൊല്ലപ്പെടാനിടയുണ്ടെന്ന‌് ഹർജിക്കാർക്ക‌ുവേണ്ടി പ്രശാന്ത‌് ഭൂഷൺ വാദിച്ചിരുന്നു. കോടതിക്ക‌് ഉത്തരവാദിത്തങ്ങൾ വ്യക്തമായി അറിയാമെന്നും ആരും ഓർമിപ്പിക്കേണ്ടെന്നും നിരീക്ഷിച്ചാണ‌് രഞ‌്ജൻ ഗൊഗോയ‌് ഹർജി തള്ളിയത‌്. വംശീയ ആക്രമണങ്ങളെത്തുടർന്നാണ‌് മ്യാൻമാറിൽനിന്ന‌് 2012 മുതൽ രോഹിൻഗ്യൻ വിഭാഗക്കാർ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക‌് പലായനംചെയ‌്തത‌്.


പ്രധാന വാർത്തകൾ
 Top