03 December Tuesday

പൊതു നന്മയ്ക്കായാലും എല്ലാ സ്വകാര്യസ്വത്തും സാമൂഹികവിഭവമായി കണക്കാക്കാനാകില്ല : സുപ്രീംകോടതി

എം അഖിൽUpdated: Wednesday Nov 6, 2024


ന്യൂഡൽഹി
പൊതുനൻമയ്‌ക്കായി എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകൾക്ക്‌ ഏറ്റെടുക്കാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. ‘സാമൂഹിക വിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്തുക്കളും ഉൾപ്പെടുമെന്ന വാദം താത്വികമായി ശരിയാണെങ്കിലും എല്ലാ സ്വകാര്യസ്വത്തുക്കളും സാമൂഹികവിഭവങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഒമ്പതംഗഭരണഘടനാബെഞ്ച്‌ 7–- 2 ഭൂരിപക്ഷത്തിൽ വിധിച്ചു.

ചീഫ്‌ ജസ്റ്റിസ്‌ തയ്യാറാക്കിയ ഭൂരിപക്ഷ വിധിയോട്‌ ജസ്റ്റിസ്‌ ഹൃഷികേശ്‌റോയ്‌, ജസ്റ്റിസ്‌ ജെ ബി പർധിവാല, ജസ്റ്റിസ്‌ മനോജ്‌മിശ്ര, ജസ്റ്റിസ്‌ രാജേഷ്‌ ബിണ്ടാൽ, ജസ്റ്റിസ്‌ സതീഷ്‌ചന്ദ്ര ശർമ, ജസ്റ്റിസ്‌ അഗസ്റ്റിൻ ജോർജ്‌ മസിഹ്‌ എന്നിവർ പൂർണമായും യോജിച്ചു. ജസ്റ്റിസ്‌ ബി വി നാഗരത്ന ഭാഗികമായി യോജിച്ചും ജസ്റ്റിസ്‌ സുധാൻശു ധുലിയ പൂർണമായി വിയോജിച്ചും ഭിന്നവിധികൾ പുറപ്പെടുവിച്ചു.

ഭരണഘടനയുടെ 39(ബി) അനുച്ഛേദത്തിലെ ‘സാമൂഹിക വിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്ത്‌ ഉൾപ്പെടുമോ, അത്‌ തുല്യമായി വിതരണം ചെയ്യാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ടോ, സംസ്ഥാനനയങ്ങളുമായി ബന്ധപ്പെട്ട നിർദേശകതത്വങ്ങൾ നടപ്പാക്കാൻ രൂപീകരിക്കുന്ന നിയമങ്ങൾക്ക്‌ പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 31 (സി) അനുച്ഛേദത്തിലെ വ്യവസ്ഥകൾ മിനർവാ മിൽസ്‌ കേസിലെ (1980) വിധിയിലൂടെ റദ്ദാക്കപ്പെട്ടോ തുടങ്ങിയ നിയമപ്രശ്‌നങ്ങളാണ്‌ പരിശോധിച്ചത്‌. സാമൂഹിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിനാണെന്നാണ്‌  39 (ബി)അനുച്ഛേദം പറയുന്നത്‌. പൊതുനൻമ ലക്ഷ്യമിട്ട്‌ സാമൂഹിക വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനുള്ള നയങ്ങൾ സർക്കാർ രൂപീകരിക്കണമെന്നും ഇതിലുണ്ട്‌. 

‘സാമൂഹിക വിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്തുക്കൾ ഉൾപ്പെടുമെന്നും സർക്കാരുകൾക്ക്‌ പൊതുനൻമ ലക്ഷ്യമിട്ട്‌ സ്വകാര്യസ്വത്തുക്കൾ ഏറ്റെടുക്കാമെന്നും ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ  രംഗനാഥറെഡ്ഡി കേസിലെ(1977) ന്യൂനപക്ഷവിധിയിൽ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഞ്‌ജീവ്‌ കോക്ക്‌ മാനുഫാക്‌ചറിങ്‌ (1982), മഫത്‌ലാൽ ഇൻഡസ്‌ട്രീസ്‌ (1997) കേസുകളിൽ  ‘സാമൂഹിക വിഭവങ്ങൾ’ എന്ന പ്രയോഗത്തിൽ സ്വകാര്യസ്വത്തുക്കളും ഉൾപ്പെടുമെന്ന്‌ വിധിച്ചു.

2002 ഫെബ്രുവരിയിൽ സുപ്രീംകോടതിയുടെ  ഏഴംഗബെഞ്ച്‌ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത തേടി ഒമ്പതംഗഭരണഘടനാബെഞ്ചിന്‌ വിട്ടു. ഈ വിഷയത്തിൽ വിശദമായി വാദംകേട്ട ശേഷമാണ്‌ ഇപ്പോഴത്തെ വിധി. എല്ലാ സ്വകാര്യസ്വത്തും പൊതുനൻമയ്‌ക്കായുള്ള ഭൗതികവിഭവമെന്ന നിലയിൽ ഉപയോഗിക്കാമെന്ന കർക്കശമായ സാമ്പത്തികനയം സ്വകാര്യസ്വത്തുക്കളുടെ മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ വർധിപ്പിക്കുമെന്ന്‌ ഭൂരിപക്ഷ വിധിയിൽ നിരീക്ഷിച്ചു. വിഭവത്തിന്റെ പ്രകൃതം, സ്വഭാവം, സമൂഹത്തിന്‌ അത്‌ ഏത്‌ രീതിയിൽ ഗുണകരമാകും, അത്‌ സ്വകാര്യകക്ഷികളുടെ കൈയിൽമാത്രം കേന്ദ്രീകരിച്ചാലുള്ള ഭവിഷ്യത്തുകൾ തുടങ്ങിയവ പരിശോധിക്കണം–- ഭൂരിപക്ഷവിധി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top