27 January Monday

സുപ്രീംകോടതി കാത്തത് ഭരണഘടനയുടെ മാനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2019

കൊച്ചി> എഴുപതാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മാനം കാക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിഞ്ഞു എന്ന് രാജ്യത്തിന് അഭിമാനിക്കാം. ഭരണഘടനാ വ്യവസ്ഥകളും കീഴ് വഴക്കങ്ങളും ലംഘിച്ച് കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയുടെ ഭരണം പിടിയ്ക്കാനുള്ള ബിജെപിയുടെ ശ്രമം തല്‍ക്കാലം പൊളിഞ്ഞു.പതിനാലുദിവസം വരെ വോട്ടെടുപ്പ് നീട്ടി പറ്റുന്നത്ര പേരെ ചാക്കിലാക്കി തുടരാം എന്ന സ്വപ്നം പൊളിഞ്ഞമട്ടാണ്.

 നാളെ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്നാണ്  സുപ്രീം കോടതി ഉത്തരവിട്ടിരിയ്ക്കുന്നത് . സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ ത്രികക്ഷിസഖ്യം നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ വിധി. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നവിസിന്‌ ഗവർണർ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കുകയാണ്‌ ചെയ്‌തത്‌. നാളെ അഞ്ച്‌ മണിക്ക്‌ മുമ്പായി സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി പറഞ്ഞു.സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി പറഞ്ഞു.

 ഇതിനെല്ലാം ഒടുവില്‍ എന്‍സിപി -കോണ്‍ഗ്രസ്-ശിവസേനാ സഖ്യം അധികാരത്തില്‍ വരുമോ ഇല്ലയോ എന്നതല്ല പ്രധാനം. ഭരണഘടനയെ മറികടന്നാല്‍ തടയിടാന്‍ കഴിയുന്ന പരമോന്നത നീതിപീഠം  ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ആശ്വാസം പകരുന്ന കാര്യം. ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട രാഷ്ട്രപതിയും ഗവർണറും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ചേർന്ന്‍ നടത്തിയ ജനാധിപത്യക്കുരുതി തടയാന്‍ ഈ വിധിയ്ക്ക് കഴിയുമെന്ന് കരുതാം  ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിയ്ക്കാനാണ് എന്ന്‍ ഈ ഉത്തരവില്‍ കോടതി പ്രത്യേകം പറയുന്നുമുണ്ട്.

 ബിജെപി നേരത്തേയും ഭരണഘടനയെ നോക്കുകുത്തിയാക്കി വിവിധ സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് എംഎൽഎമാർ മാത്രമുള്ള മേഘാലയയിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന ഗോവയിലും മറ്റും ബിജെപി അധികാരത്തിൽ വന്നത് ഇതേ രീതിയിലായിരുന്നു. കർണാടകയിലും ഇതാവർത്തിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നേടാൻ പറഞ്ഞതോടെയാണ് യെദ്യൂരപ്പയ്‌ക്ക് രാജിവയ്‌ക്കേണ്ടിവന്നത്. കർണാടകയിൽനിന്ന്‌ ഒരു പാഠവും ബിജെപി പഠിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര തെളിയിച്ചു. അവിടെ വീണ്ടും തിരിച്ചടി കിട്ടിയിരിക്കുന്നു.പക്ഷെ ബിജെപി അവരുടെ ഈ കളി ഇനിയും തുടരുമെന്ന് ഉറപ്പാണ്.കാരണം അവരെ നയിക്കുന്നത് ഭരണഘടനയോ ജനാധിപത്യ മൂല്യങ്ങളോ അല്ല;വെറുപ്പിന്റെ തത്വശാസ്ത്രവും കയ്യൂക്കിന്റെ രാഷ്ട്രീയവുമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top