23 April Tuesday
കേന്ദ്ര സർക്കാരിനെതിരായ വിമർശനം

നടപ്പാക്കുന്നത‌് ജനങ്ങളുടെ അധികാരം : സുപ്രീംകോടതി

എം അഖില്‍Updated: Thursday Aug 9, 2018

ന്യൂഡൽഹി
കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സുപ്രീംകോടതി സംയമനം പാലിക്കണമെന്ന ആവശ്യത്തിന‌് ചുട്ടമറുപടിയുമായി സുപ്രീംകോടതി. സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് കോടതി മറുപടി നൽകി. ജഡ്ജിമാരും രാജ്യത്തെ പൗരൻമാരാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാമെന്നും ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

സർക്കാരിനെ വിമർശിക്കുന്നതിൽ കോടതി സംയമനം പാലിക്കണമെന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. സർക്കാരിനെ വിമർശിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല നിരീക്ഷണം നടത്തുന്നത്. എന്നാൽ, ജനകീയപ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കാനാകില്ല. പൗരൻമാരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വാഗ്ദാനംചെയ്യുന്ന ഭരണഘടനയുടെ 21‐ാം അനുച്ഛേദം കണ്ടില്ലെന്ന് നടിക്കാനാകില്ല. രാജ്യത്ത് പല കാര്യങ്ങളും നടക്കുന്നത് കോടതി ഇടപെടലിനെ തുടർന്നാണെന്ന കാര്യം മറക്കരുതെന്നും ജസ്റ്റിസ് മദൻ ബി ലോക്കുർ കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു.

രാജ്യത്തെ 1,382 ജയിലിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപ്പര്യഹർജി പരിഗണിക്കവേയാണ് രൂക്ഷമായ വാഗ്വാദമുണ്ടായത്. താജ്മഹൽ സംരക്ഷണം, ഡൽഹിയിലെ മാലിന്യപ്രശ്‌നം, ബാലമന്ദിരങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് തുടർച്ചയായി കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പശ്ചാത്തലത്തിലാണ് അൽപ്പംകൂടി സംയമനം പാലിക്കണമെന്ന് എജി ആവശ്യമുന്നയിച്ചത്. സർക്കാർ ഒന്നുംചെയ്യുന്നില്ലെന്നും ഒന്നിലും ഇടപെടുന്നില്ലെന്നും എല്ലാത്തിലും നിഷേധാത്മകനിലപാട് പുലർത്തുകയാണെന്നുമുള്ള ധാരണ ശരിയല്ലെന്ന് എജി പരാതിപ്പെട്ടു. സർക്കാർ ഫണ്ട് കൂടുതൽ കാര്യക്ഷമമായി ചെലവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൂടുതൽ നന്നായി ജോലി ചെയ്യിക്കാനുമാണ് ആവശ്യപ്പെടുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.

കെട്ടിടനിർമാണ തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുത്ത 30,000 കോടിയുടെ സെസ് വിനിയോഗിക്കാത്ത കാര്യവും കോടതി ചൂണ്ടിക്കാണിച്ചു. പിരിച്ചെടുത്ത തുകകൊണ്ട് ഉദ്യോഗസ്ഥൻമാർ വാഷിങ്മെഷീനും ലാപ്ടോപ്പുകളും വാങ്ങിക്കൂട്ടുകയായിരുന്നു. തുണി വാങ്ങാൻ കാശില്ലാത്തവർക്ക് വാഷിങ്മെഷീനും അക്ഷരമറിയാത്തവർക്ക് ലാപ്‌ടോപ്പും വാങ്ങിക്കൂട്ടിയതിൽനിന്ന് സർക്കാർ ഫണ്ട് ശരിയായി വിനിയോഗിക്കുന്നില്ലെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും കോടതി പറഞ്ഞു. അതേസമയം, കോടതിവിധികൾ കാരണം പൊതുഖജനാവിന് ധാരാളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് എജി വാദിച്ചു. കോടതി വിധികൾ വഴി ഖനന, നിർമാണ മേഖലയിൽനിന്ന‌് 150,000 കോടി രൂപ സർക്കാരിന് നേട്ടമുണ്ടായിട്ടില്ലേയെന്ന് കോടതി ചോദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണം, ജയിലുകളിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ പോലെയുള്ള വിഷയങ്ങളിൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു. ജയിലുകളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന വിഷയത്തിൽ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേകസമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top