18 July Thursday

മസ‌്തിഷ‌്ക്കവീക്കം: കേന്ദ്രത്തിനും ബിഹാർ, യുപി സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടീസയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ന്യൂഡൽഹി> മസ‌്തിഷ‌്ക്ക വീക്കത്തെ തുടർന്ന‌് ബിഹാറിൽ കുട്ടികളുടെ കൂട്ടമരണത്തിൽ കേന്ദ്ര സർക്കാരിനും ബിഹാർ, യുപി സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. കൂട്ടമരണങ്ങൾ തടയുന്നതിന‌് സ്വീകരിച്ച നടപടികൾ ഏഴ‌് ദിവസത്തിനകം ബിഹാർ സർക്കാർ അറിയിക്കണം. ഗുരുതരമായ പ്രശ‌്നമാണെന്നും അലംഭാവം തുടരുന്നത‌് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തങ്ങൾക്ക‌് മറുപടി വേണമെന്ന‌് ജസ‌്റ്റിസ‌് സഞ്ജീവ‌് ഖന്നയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച‌്  നിരീക്ഷിച്ചു. മരണം 150 കടന്ന അസാധാരണ സാഹചര്യത്തിൽ വിദഗ‌്ധരടങ്ങിയ സംഘം രൂപീകരിക്കണമെന്നും വൈദ്യസഹായം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബിഹാർ, യുപി സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രത്തിന്റെയും അനാസ്ഥയാണ‌് കുട്ടികളുടെ മരണത്തിന‌് ഇടയാക്കിയതെന്ന‌് ഹർജി ചൂണ്ടിക്കാട്ടുന്നു. എല്ലാവർഷവും മസ‌്തിഷ‌്ക്കവീക്കം കാരണമുള്ള കൂട്ടമരണം തുടരുകയാണെന്ന‌് അഭിഭാഷകരായ മനോഹർ പ്രതാപ‌്, സൻപ്രീത‌് സിജ‌് അജ‌്മാനി എന്നിവർ നൽകിയ ഹർജിയിൽ പറഞ്ഞു.

500 തീവ്രപരിചരണ സംവിധാനവും 100 മൊബൈൽ  സംവിധാനവും ഉടൻ ലഭ്യമാക്കണം.  സ്വകാര്യ ആശുപത്രികൾ സൗജന്യ ചികിത്സ നൽകാൻ ഉത്തരവിടാൻ സംസ്ഥാന സർക്കാരിനോട‌് നിർദേശിക്കണമെന്ന‌ും ഹർജി ആവശ്യപ്പെട്ടു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക‌് 10 ലക്ഷം രൂപവീതം നഷ‌്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top