03 December Tuesday

ലയനമല്ലാതെ മറ്റു വഴികളില്ല; ജെറ്റ് എയർവേസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ന്യൂഡൽഹി > ജെറ്റ് എയർവേസിന്റെ പ്രവർത്തനം പൂർണമായി നിർത്താനും ലയനപ്രക്രിയകൾ നടത്താനും ഉത്തരവിട്ട് സുപ്രീംകോടതി. ഇതല്ലാതെ മറ്റ് വഴികൾ ഈ വിഷയത്തിൽ സ്വീകരിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എയർലൈനിൻ്റെ ലേലക്കാരായ ജലാൻ- കാൽറോക്ക് കൺസോർഷ്യം (ജെകെസി) അംഗീകരിച്ച് അഞ്ച് വർഷത്തിന് ശേഷവും റെസല്യൂഷൻ പ്ലാൻ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ലയനമാണ് നല്ല മാർഗമെന്ന് കോടതി അഭിപ്രായപ്പെട്ടത്.  ഉടമസ്ഥാവകാശം ജെകെസിക്ക് കൈമാറുന്നതിനുമുള്ള നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) തീരുമാനത്തെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോ​ഗിച്ച് കോടതി തടയുകയും ചെയ്തു.

മാർച്ച് 12നാണ് എയർലൈനിൻ്റെ ഉടമസ്ഥാവകാശം ജെകെസിക്ക് നൽകി എൻസിഎൽഎടി ഉത്തരവിട്ടത്. ട്രൈബ്യൂണൽ റെസല്യൂഷൻ പ്ലാൻ ശരിവെക്കുകയും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുടിശ്ശിക അടയ്ക്കുന്നതിൽ കൺസോർഷ്യം പരാജയപ്പെട്ടതിനെ തുടർന്നാണ് ബാങ്കുകളടക്കം കോടതിയെ സമീപിച്ചത്.

റെസല്യൂഷൻ പ്ലാൻ ഇനി നടപ്പാകാത്തതിനാൽ ലയനമാണ് ഇനി മാർ​ഗമെന്ന് സുപ്രീംകോടതി എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് അടക്കമുള്ള കക്ഷികളോടും വ്യക്തമാക്കി. എയർവേസിനായി പണം നൽകിയ ബാങ്കുകൾക്കും ജീവനക്കാർക്കും മറ്റ് ഷെയർഹോൾഡേഴ്സിനും ലയനപ്രക്രിയയാകും നല്ലതെന്ന് പറഞ്ഞ സുപ്രീംകോടതി കടക്കാർക്ക് പണം നൽകാതിരുന്നിട്ടും റെസല്യൂഷൻ പ്ലാനിന് അം​ഗീകാരം നൽകിയ എൻസിഎൽഎടി തീരുമാനത്തെ വിമർശിക്കുകയും ചെയ്തു. റെസല്യൂഷൻ പ്ലാൻ അനുസരിച്ച് പ്രാരംഭമായി ജെകെസി 350 കോടി നൽകണമായിരുന്നു. എന്നാൽ ഇതിൽ പരാജയപ്പെട്ടിട്ടും എൻസിഎൽഎടി ഉടമസ്ഥാവകാശം കൈമാറാൻ അനുവദിച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ആകെ 4,783 കോടി രൂപയാണ് ജെകെസി നൽകേണ്ടത്. ഇതിനകം നിക്ഷേപിച്ച 200 കോടി രൂപ കണ്ടുകെട്ടാൻ കോടതി വിധിക്കുകയും ലിക്വിഡേറ്ററെ നിയമിക്കാൻ എൻസിഎൽഎടിയുടെ മുംബൈ ബെഞ്ചിനോട് നിർദേശിക്കുകയും ചെയ്തു.

കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിലിലാണ് ജെറ്റ് എയർവേസിന്റെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുന്നത്. രണ്ട് വർഷത്തിന് ശേഷം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരനായ മുരാരി ജലാൻ്റെയും കൽറോക്ക് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് ലിമിറ്റഡ് എന്ന ഓഫ്‌ഷോർ ഹോൾഡിംഗ്  ജെറ്റ് ഷെയർഹോൾഡറായ ഫ്ലോറിയൻ ഫ്രിറ്റ്‌ഷിൻ്റെയും കൺസോർഷ്യമായ ജെകെസിയാണ് ഉടമസ്ഥാവകാശത്തിനായി ലേലം വിളിച്ച് എയർവേസിനെ ഏറ്റെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top