24 May Friday

ആൾക്കൂട്ട കൊലപാതകം ; പ്രത്യേക നിയമം വേണം : സുപ്രീംകോടതി

എം അഖിൽUpdated: Wednesday Jul 18, 2018


ന്യൂഡൽഹി
രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ കർശനവ്യവസ്ഥകളുള്ള പ്രത്യേക നിയമം ഉണ്ടാക്കണമെന്ന‌്  സുപ്രീംകോടതി പാർലമെന്റിനോട് ശുപാർശ ചെയ്തു. ഗോസംരക്ഷണത്തിന്റെ പേരിലുള്ളതടക്കം എല്ലാ ആൾക്കൂട്ട അതിക്രമങ്ങളും തടയാനുള്ള വിശദമായ മാർഗരേഖയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പുറപ്പെടുവിച്ചു.

'ആൾക്കൂട്ട ഗുണ്ടായിസത്തിന്റെ പൈശാചികത രാജ്യത്തെ പുതിയ നിയമമാകാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന്'‐ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവർ അംഗങ്ങളായ ബെഞ്ച് താക്കീതു നൽകി. അക്രമങ്ങൾ തടയാനും ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി കേന്ദ്ര, സംസ്ഥാനസർക്കാരുകൾ നാലാഴ്ചയ്ക്കുള്ളിൽ  റിപ്പോർട്ട് സമർപ്പിക്കണം.

ഗോസംരക്ഷണസംഘങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി അതിക്രമങ്ങൾ അരങ്ങേറുകയാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ തെഹസീൻ പൂണാവാല സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് നിർണായക ഉത്തരവ്.

കേസിൽ  ചില മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഇടക്കാല ഉത്തരവ്  നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, മിക്ക സംസ്ഥാനങ്ങളും ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതിപ്പെട്ടുള്ള കോടതിയലക്ഷ്യഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിഷയം പാർലമെന്റ് വർഷകാല സമ്മേളനം ചർച്ച ചെയ്യുമെന്ന് പാർലമെന്ററികാര്യമന്ത്രി അനന്തകുമാർ പ്രതികരിച്ചു.

സ്വയംപ്രഖ്യാപിത 'ആൾക്കൂട്ട കോടതി' രാജ്യത്തെ തെരുവുകളിൽ ദിവസംതോറും നടത്തുന്ന നിയമവിരുദ്ധ വിചാരണയും ശിക്ഷ നടപ്പാക്കലും മനംപിരട്ടലുണ്ടാക്കുന്ന വൈകൃതമാണെന്ന് കോടതി വിമർശിച്ചു. അനധികൃത പശുക്കടത്തും മൃഗങ്ങളോടുള്ള ക്രൂരതയും തടയാനാണ് ഗോസംരക്ഷകരുടെ ശ്രമമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. എന്തിന്റെ പേരിലായാലും വ്യക്തികൾക്കോ ആൾക്കൂട്ടത്തിനോ നിയമം കൈയിലെടുക്കാൻ അവകാശമില്ല.

ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നവർ നിർവികാരതയോടെ കണ്ടുനിൽക്കുകയും അതിക്രമങ്ങളെ മുളയിലേ നുള്ളേണ്ട അധികൃതർ പിന്നോക്കം വലിയുകയും ചെയ്യുമ്പോൾ അത്യന്തം ഭീഷണവും ദാരുണവുമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഭരണഘടന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന സമാധാനജീവിതം ഉറപ്പാക്കാനും അവരെ സംരക്ഷിക്കാനും സർക്കാരുകൾക്ക് ബാധ്യതയുണ്ട്. പരിഭ്രാന്തരായ ജനങ്ങളുടെ ആവലാതികൾക്കുനേരെ കാതടയ്ക്കാൻ സർക്കാരുകൾക്ക് കഴിയില്ല. നിയമങ്ങളെ തന്ത്രപൂർവം മറികടക്കുന്നവരുടെ ഭ്രാന്തൻനീക്കങ്ങളുടെ ഫലമായാണ് തെരുവുകളിൽ രക്തച്ചൊരിച്ചിലും കണ്ണീർപ്രളയവുമുണ്ടാകുന്നത്. കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽനടപടി പരാജയപ്പെട്ടാൽ അക്രമികളെ കർശനമായി ശിക്ഷിക്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആൾക്കൂട്ട കൊലപാതകങ്ങളെ പ്രത്യേക കുറ്റകൃത്യമായിത്തന്നെ പരിഗണിക്കണമെന്ന് കോടതി പാർലമെന്റിനോട് നിർദേശിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ വർധിക്കുന്നതായും രാജ്യത്ത് മുസ്ലിങ്ങളെയും ദളിതരെയും മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവർ ആദരിക്കപ്പെടുന്നതായും ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ‌് വാദിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top