12 December Thursday
ഡോക്‌ടർമാർ സമരം പിൻവലിച്ചു

തെളിവ്‌ നശിപ്പിച്ചു ; ബംഗാൾ പൊലീസിന്റെ വീഴ്ച ഞെട്ടിക്കുന്നതെന്ന്‌ സുപ്രീംകോടതി

എം അഖിൽUpdated: Friday Aug 23, 2024


ഇതുപോലെ തെറ്റായ നടപടിക്രമങ്ങൾ കണ്ടിട്ടില്ല
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്തത്‌ 14 മണിക്കൂറിനുശേഷം
ക്രൈം സീൻ സംരക്ഷിക്കാൻ വൈകി
മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ആരെയോ 
രക്ഷിക്കാൻ ശ്രമിക്കുന്നു


ന്യൂഡൽഹി
കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ കൊന്ന കേസിൽ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതായി സുപ്രീംകോടതി. പശ്ചിമ ബംഗാൾ പൊലീസിൽനിന്നുണ്ടായത്‌ ഞെട്ടിക്കുന്ന വീഴ്‌ചകളാണെന്ന്‌ കോടതി തുറന്നടിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ സമയമെടുത്തതും ക്രൈംസീൻ (കൃത്യം നടന്ന സ്ഥലം) സംരക്ഷിക്കാൻ വലിയ താമസം വരുത്തിയതും അമ്പരപ്പിച്ചതായി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു. 

ആഗസ്‌ത്‌ ഒമ്പതിന്‌ രാവിലെ 9.30ന്‌ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയെങ്കിലും രാത്രി 11.45നാണ്‌ പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. പോസ്റ്റ്‌മോർട്ടം പൂർത്തിയായശേഷം രാത്രി വൈകിയാണ്‌ പൊലീസ്‌ ക്രൈംസീൻ ഏറ്റെടുത്തത്‌. സംഭവം അറിഞ്ഞയുടൻ ആർ ജി കർ മെഡിക്കൽകോളേജിലെ പ്രിൻസിപ്പൽ നേരിട്ട്‌ എഫ്‌ഐആർ ഫയൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ, അത്‌ ചെയ്യാതെ അദ്ദേഹം ആരെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന സംശയമുണ്ടെന്നും ചീഫ്‌  ജസ്റ്റിസ്‌ പറഞ്ഞു.  മുപ്പതാണ്ടിലെ ഔദ്യോഗികജീവിതത്തിനിടയിൽ ഇതുപോലെ തെറ്റായ നടപടിക്രമങ്ങൾ കണ്ടിട്ടില്ലെന്ന്‌ മൂന്നംഗ ബെഞ്ചിൽ അംഗമായ ജസ്റ്റിസ്‌ ജെ ബി പർധിവാല ചൂണ്ടിക്കാട്ടി.

സിആർപിസി മാർഗരേഖ  പൊലീസ്‌ അപ്പാടെ  ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിവരം കിട്ടിയ ഉടൻ പൊലീസ്‌ അസ്വാഭാവികമരണത്തിന്‌ കേസെടുത്തിട്ടുണ്ടെന്ന്‌  ബംഗാൾ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സിബലിന്റെ വാദങ്ങൾ  സംശയങ്ങളെ പൂർണമായും ദൂരീകരിച്ചിട്ടില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പ്രതികരിച്ചു. സിബിഐ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടും 14ന്‌ ആർ ജി കർ ആശുപത്രി അടിച്ചുതകർത്ത കേസിൽ ബംഗാൾ സർക്കാർ നൽകിയ റിപ്പോർട്ടും പരിശോധിച്ചു. സ്വമേധയാ എടുത്ത കേസിലാണ്‌ സുപ്രീംകോടതി നടപടി. സെപ്‌തംബർ അഞ്ചിന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും.

 

ഡോക്‌ടർമാർ സമരം പിൻവലിച്ചു
സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്ന്‌ ഡൽഹിയിലെ പ്രധാന ആശുപത്രികളായ എയിംസ്‌, ആർഎംഎൽ, ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിൽ ജൂനിയർ ഡോക്‌ടർമാർ സമരം പിൻവലിച്ചു. രാജ്യതാൽപ്പര്യവും പൊതുസേവനവും കണക്കിലെടുത്ത്‌ 11 ദിവസമായി തുടരുന്ന സമരം പിൻവലിക്കുന്നുവെന്ന്‌ എയിംസ്‌ റസിഡന്റ്‌ ഡോക്‌ടേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു.    സമരം പിൻവലിക്കുന്ന കാര്യം കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ഡോക്‌ടർമാർ  വെള്ളിയാഴ്ച തീരുമാനിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top