20 September Friday
മർദനം മതത്തിന്റെ 
പേരിലാണെന്നത്‌ എഫ്‌ഐആറിൽനിന്ന്‌ 
ഒഴിവാക്കപ്പെട്ടത്‌ എങ്ങനെ

ഇതോ വിദ്യാഭ്യാസം ? യുപി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം


സ്വന്തം ലേഖകൻUpdated: Monday Sep 25, 2023


ന്യൂഡൽഹി
ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപികയുടെ നിർദേശപ്രകാരം  ഇതരമതസ്തരായകുട്ടികൾ മുഖത്തടിച്ച സംഭവം സർക്കാരിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കേണ്ടതാണെന്ന്‌ സുപ്രീംകോടതി. വിദ്യാഭ്യാസനിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ യുപി സർക്കാർ പരാജയപ്പെട്ടെന്ന്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു.

കുട്ടിയെ അടിക്കാൻ അധ്യാപികയാണ്‌ നിർദേശം നൽകിയതെന്ന വസ്‌തുത ഏറെ ഗൗരവമുള്ളതാണ്. മതത്തിന്റെ പേരിലാണ്‌ കുട്ടിയെ മർദിക്കാൻ നിർദേശിച്ചതെന്ന വസ്‌തുത എഫ്‌ഐആറിൽ വിട്ടുകളഞ്ഞു. ഇക്കാര്യം കുട്ടിയുടെ അച്ഛന്റെ മൊഴിയിൽ വ്യക്തമാണ്. ഇത്‌ എഫ്‌ഐആറിൽ രേഖപ്പെടുത്താതിരുന്നത്‌ എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. സംഭവത്തിന്‌ വർഗീയനിറം കൊടുക്കരുതെന്ന, ഉത്തർപ്രദേശ്‌ സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയുടെ വാദം കോടതി തള്ളി.

ഒരു കുട്ടി പ്രത്യേക മതത്തിൽപ്പെട്ട ആളായത്‌ കൊണ്ട്‌ അടിക്കാനുള്ള നിർദേശം നൽകാമെന്നാണോ. എന്ത്‌ തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ നിങ്ങൾ കുട്ടികൾക്ക്‌ നൽകുന്നത്‌. നിലവാരമുള്ള വിദ്യാഭ്യാസമെന്ന്‌ പറയുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനുള്ള വിദ്യാഭ്യാസമെന്ന്‌ കൂടി അർഥമുണ്ട്‌. മതത്തിന്റെ പേരിൽ കുട്ടികൾ ആക്രമിക്കപ്പെടുന്ന സ്‌കൂളുകളിൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ല –- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കുറ്റപത്രം എപ്പോൾ സമർപ്പിക്കും, കുട്ടിക്കും സാക്ഷികൾക്കും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും യുപി പൊലീസിന്‌ നിർദേശം നൽകി. അടിയേറ്റ വിദ്യാർഥി ആ സ്‌കൂളിൽ തുടർന്നുപഠിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും സ്‌കൂളിൽ പഠനം തുടരാനുള്ള സൗകര്യം ഒരുക്കണം. അടിയേറ്റ കുട്ടിക്കും അടിച്ച വിദ്യാർഥികൾക്കും കൗൺസലിങ്  നൽകണം–- തുടങ്ങിയ നിർദേശങ്ങളും സുപ്രീംകോടതി നൽകി. ഒക്ടോബർ 30ന്‌ കേസ്‌ വീണ്ടും കോടതി പരിഗണിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ ഉറപ്പുനൽകി. അന്വേഷണത്തിന്‌ മുതിർന്ന ഐപിഎസ്‌ ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്ന്‌ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു.

മുസഫർനഗറിലെ സ്കൂളില്‍ അധ്യാപിക തൃപ്ത ത്യാ​ഗി സഹവിദ്യാര്‍ഥികളോട് മുസ്ലിം വിദ്യാര്‍ഥിയെ അടിക്കാന്‍ നിര്‍ദേശിക്കുന്നതിന്റെയും കുട്ടിയുടെ മുഖത്ത് അടിയേല്‍ക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ വളരെ വൈകിയാണ് അധ്യാപികയ്ക്ക് എതിരെ മതിയായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലും യുപി പൊലീസ് തയാറായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top