12 December Thursday

48 മണിക്കൂർ ഷിഫ്‌റ്റ്‌ 
മനുഷ്യത്വരഹിതം ; പിജി ഡോക്ടർമാർക്ക്‌ വലിയ ജോലിഭാരമെന്ന് സുപ്രീംകോടതി

സ്വന്തംലേഖകന്‍Updated: Friday Aug 23, 2024


ന്യൂഡൽഹി
രാജ്യമുടനീളമുള്ള ആശുപത്രികളിൽ പിജി ഡോക്ടർമാർക്ക്‌ വലിയ ജോലിഭാരമാണുള്ളതെന്ന്‌ സുപ്രീംകോടതി. കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കവേയാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്‌ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്‌. ‘36 മുതൽ 48 മണിക്കൂർവരെ ദൈർഘ്യമുള്ള ഷിഫ്‌റ്റ്‌ അടിച്ചേൽപ്പിക്കുന്നത്‌ മനുഷ്യത്വരഹിതമാണ്‌. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ രൂപീകരിച്ചിട്ടുള്ള ദേശീയ ദൗത്യസേന ഈ വിഷയം പ്രത്യേകം പരിഗണിക്കണം’–- ചീഫ്‌ജസ്‌റ്റിസ്‌ ആവശ്യപ്പെട്ടു. പിജി ഡോക്ടർമാരുടെയും അവരുടെ സംഘടനകളുടെയും അഭിപ്രായങ്ങൾ പരിഗണിക്കണം.     ദേശീയദൗത്യസേനയ്‌ക്ക്‌ നിർദേശങ്ങളും പരാതികളും സമർപ്പിക്കാൻ ആരോഗ്യമന്ത്രാലയം പ്രത്യേക വെബ്‌സൈറ്റ്‌ തുടങ്ങണം. പേരുകൾ വെളിപ്പെടുത്താതെ തന്നെ പരാതികൾ നൽകാൻ സൗകര്യമുണ്ടാകണം–- സുപ്രീംകോടതി നിർദേശിച്ചു.

ഡോക്ടർമാർ 
ഭീതിയിൽ
ആർ ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ കടുത്ത ഭീതിയിലും ആശങ്കയിലുമാണെന്ന്‌ മുതിർന്ന അഭിഭാഷക ഗീത ലൂത്ര സുപ്രീംകോടതിയെ അറിയിച്ചു. സത്യം പറഞ്ഞ ഡോക്ടർമാരെ ആശുപത്രി അധികൃതരും ഗുണ്ടകളും ചേർന്ന്‌ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിപ്പെട്ടു. സിഐഎസ്‌എഫിന്റെ സഹായം തേടാവുന്നതാണെന്ന്‌ കോടതി അറിയിച്ചു. സമരം ചെയ്‌തതിന്റെ പേരിൽ ഡോക്ടർമാർക്ക്‌ എതിരെ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഉറപ്പുനൽകി. 

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി ഇടക്കാല നിർദേശവുമായി സുപ്രീംകോടതി. കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുടെ ചീഫ്‌സെക്രട്ടറിമാരുമായും പൊലീസ്‌ മേധാവികളുമായും യോഗം ചേർന്ന്‌ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണം. ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ യോഗം ചേർന്ന്‌ രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ സുരക്ഷ ഉറപ്പാക്കണം.

നുണപരിശോധനയ്‌ക്ക്‌ അനുമതി
ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്‌തു കൊന്ന സംഭവത്തിൽ കോളേജ്‌ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ്‌ ഘോഷിനെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ അനുമതി. കൊൽക്കത്തയിലെ പ്രത്യേക കോടതിയാണ്‌ സിബിഐക്ക്‌ അനുമതി നൽകിയത്‌. കൊല്ലപ്പെട്ട ഡോക്ടറുടെ സഹപ്രവർത്തകരായ നാല്‌ പേരെയും നുണപരിശോധന നടത്താമെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top