16 November Saturday

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി: ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി അസാധുവാക്കിയ രാഷ്ട്രപതി ഉത്തരവ്‌ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന്‌ സുപ്രീംകോടതി. പാർലമെന്ററി മാർഗം അവലംബിക്കാതെ കൊണ്ടുവന്ന ഉത്തരവ്‌ നിയമപരമായി നിലനിൽക്കില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ അഭിഭാഷകൻ എം എൽ ശർമയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 

വ്യാഴാഴ്ച ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ചുമുമ്പാകെയാണ്‌ ഹർജി അടിയന്തരമായി പരിഗണിക്കാൻ ആവശ്യം ഉന്നയിച്ചത്‌. ഈ വിഷയത്തിൽ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയെ സമീപിക്കാൻ പോകുകയാണെന്നും അതിനാൽ എത്രയും പെട്ടെന്ന്‌ ഹർജി പരിഗണിക്കണമെന്നും ശർമ ആവശ്യപ്പെട്ടു. രാഷ്ട്രപതി ഉത്തരവ്‌ സ്‌റ്റേ ചെയ്യാനോ ഭരണഘടനാ ഭേദഗതിക്ക്‌ ഉത്തരവിടാനോ ഐക്യരാഷ്ട്രസഭയ്‌ക്ക്‌ കഴിയുമോയെന്ന്‌ ജസ്റ്റിസ്‌ രമണ ഹർജിക്കാരനെ പരിഹസിച്ചു. ഹർജി ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചുമുമ്പാകെ ഉന്നയിക്കാനും ജസ്റ്റിസ്‌ രമണ നിർദേശിച്ചു.

ജമ്മു കശ്‌മീരിൽ വിലക്കുകൾ പിൻവലിക്കണമെന്നും ഇന്റർനെറ്റ്‌, ഫോൺ ബന്ധം പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയനേതാക്കളെ മോചിപ്പിക്കണമെന്നും  ആവശ്യപ്പെട്ട്‌ തെഹ്‌സീൻ പുണാവാല സമർപ്പിച്ച ഹർജിയും ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ചുമുമ്പാകെ ഉന്നയിക്കാൻ കോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top