13 November Wednesday

സുപ്രീംകോടതിയുടെ സുപ്രധാനവിധികൾ നവംബറിൽ

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019

ന്യൂഡൽഹി >  ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽത്തന്നെ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വരെ കോടതിക്ക്‌ ദീപാവലി അവധിയാണ്‌.

ശബരിമലയിൽ പ്രായഭേദമെന്യേ യുവതികൾക്ക്‌ പ്രവേശനം അനുവദിച്ചതിനെതിരായ അമ്പതോളം പുനഃപരിശോധനാഹർജിയിൽ നവംബർ ആദ്യംതന്നെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധി പുറപ്പെടുവിച്ചേക്കും. ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ വിധി തയ്യാറാക്കുന്നതിന്റെ തിരക്കിലാണെന്ന്‌ സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു.

റഫേൽ ഇടപാടിലെ സുപ്രീംകോടതി വിധിയെ ചോദ്യംചെയ്‌തുള്ള പുനഃപരിശോധനാഹർജികൾ മെയ്‌ 10ന്‌ വിധി പറയാൻ മാറ്റിയതാണ്‌. പ്രതിരോധമന്ത്രി ആദ്യ റഫേൽ വിമാനം ഏറ്റുവാങ്ങിയിട്ടും പുനഃപരിശോധനാഹർജികളിൽ ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വിധി പുറപ്പെടുവിച്ചിട്ടില്ല.

പിഎഫ്‌ പെൻഷൻ ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ഏപ്രിൽ ആദ്യം സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെ ഇപിഎഫ്‌ഒ നൽകിയ പുനഃപരിശോധനാഹർജിയും തൊഴിൽമന്ത്രാലയം നേരത്തെ നൽകിയ ഹർജിയും തുറന്നകോടതിയിൽ പരിഗണിക്കുമെന്ന്‌ ജൂലൈ ഏഴിന്‌ ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ അറിയിച്ചിരുന്നു.
മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി പരിഗണിക്കുമെന്നാണ്‌ തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.


പ്രധാന വാർത്തകൾ
 Top