03 December Friday
മുൻജഡ്‌ജി ആർ വി രവീന്ദ്രൻ നയിക്കും , സഹായിക്കാന്‍ മൂന്നം​ഗ സാങ്കേതികസമിതി

തടിയൂരാനാകില്ല ; പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തടിയൂരാനാകില്ല ; പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി > പെഗാസസ് ചാരവൃത്തിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ വന്‍തിരിച്ചടി. ചാരസോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവിദഗ്ധ സമിതിയെ രൂപീകരിച്ചു. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്‍ശിച്ചു. റിട്ടയേര്‍ഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

വിദഗ്ധ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയി ( മേധാവി, സൈബര്‍ സെക്യൂരിറ്റി, ടിസിഎസ്) എന്നിവര്‍ അംഗങ്ങളാകും. ഈ സമിതിയെ സഹായിക്കുന്നതിനായി മൂന്നംഗ സാങ്കേതിക സമിതിയെയും കോടതി പ്രഖ്യാപിച്ചു. ഇതില്‍ മലയാളിയായ ഡോ. പ്രഭാകരനും ഉള്‍പ്പെടുന്നു. ഡോ. നവീന്‍ കുമാര്‍ ( ഡീന്‍, നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി), ഡോ. പി പ്രഭാകരന്‍ ( പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ്, അമൃത വിശ്വവിദ്യാപീഠം, കൊല്ലം ), ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ ( അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരാണ് ഉള്‍പ്പെടുന്നത്.

ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി അറിയിച്ചു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എട്ടാഴ്‌‌ച‌യ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഏഴ് വിഷയങ്ങളാണ് വിദഗ്‌ധ സമിതി പരിശോധിക്കുന്നത്.
1 പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ?
2 ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി ?
3 2019ല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ എന്ത് നടപടി സ്വീകരിച്ചു ?
4 കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെഗാസസ് വാങ്ങിയോ ?
5 പെഗാസസ് വാങ്ങിയെങ്കില്‍ ഏത് നിയമപ്രകാരം ?
6 സ്വകാര്യ വ്യക്തികള്‍ ഉപയോഗിച്ചെങ്കില്‍ ഏത് നിയമപ്രകാരം ?
7 ഇക്കാര്യത്തില്‍ സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങള്‍ ഏതൊക്കെ ?

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച പെഗാസസ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ട് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ബ്രിട്ടാസ് എംപി, അഡ്വ. എം എല്‍ ശര്‍മ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്ജോയ് ഗുഹാ താക്കുര്‍താ, എസ്എന്‍എം ആബ്ദി, പ്രേംശങ്കര്‍ത്സാ, രൂപേഷ്‌കുമാര്‍ സിങ്, ഇപ്സാശതക്ഷി, ജഗ്ദീപ് ച്ഛോക്കര്‍, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

 

ആരെയും ചോദ്യംചെയ്യാം; രേഖ വരുത്തിക്കാം
ഏത്‌ വ്യക്തിയെയും സമിതിക്ക്‌ ചോദ്യംചെയ്യാം. ഏത്‌ വകുപ്പിൽനിന്നും രേഖകൾ ആവശ്യപ്പെടാം. കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എല്ലാ സൗകര്യങ്ങളും ഒരുക്കണം. സമിതി എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കണം. പൗരരുടെ അവകാശം ഹനിക്കാതെ രാജ്യത്തെ സൈബർസുരക്ഷ  വർധിപ്പിക്കാന്‍ നിർദേശം കൈമാറണം. എട്ടാഴ്‌ചയ്‌ക്ക്‌ ശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

സമിതി രൂപീകരിക്കാന്‍ 7 കാരണം
●പൗരരുടെ സ്വകാര്യത, അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്ന ഗുരുതര ആരോപണം പരിശോധിക്കണം
●രഹസ്യനിരീക്ഷണ ആരോപണം പൗരസമൂഹത്തെ ആശങ്കയിലാഴ്‌ത്തി
●പെഗാസസിൽ കേന്ദ്രസർക്കാർ  കൃത്യമായ നിലപാട്‌ അറിയിച്ചില്ല
●വിദേശരാജ്യങ്ങളും വിദേശകക്ഷികളും ഉൾപ്പെട്ടെന്നും ആരോപണം
●വിദേശ ഏജൻസിയോ സ്വകാര്യസ്ഥാപനമോ പൗരരെ നിരീക്ഷണവലയത്തിലാക്കാനുള്ള സാധ്യത പരിശോധിക്കണം
●പൗരാവകാശം ഹനിക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നുവെന്നത്‌ ഗുരുതര ആരോപണം
●ഇത്തരം സാങ്കേതികവിഷയങ്ങളിൽ വസ്‌തുതാ പരിശോധന ആവശ്യം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top