03 March Wednesday

കർഷക സമരം : കേന്ദ്രത്തിന്‌ തലയൂരാൻ വഴിയൊരുക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


ന്യൂഡൽഹി
കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ ഒന്നര മാസമായി തുടരുന്ന കർഷകസമരത്തിന്‌ പിന്തുണയേറുന്ന ഘട്ടത്തിലുള്ള സുപ്രീംകോടതി ഇടപെടലിലൂടെ കോർപറേറ്റ്‌ ലോബിയെ പിണക്കാതെ വിഷയം അവസാനിപ്പിക്കാൻ  കേന്ദ്രത്തിന്‌ വഴിതുറക്കുകയാണ്‌‌. കേരളമടക്കം വിദൂര സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർകൂടി സമരത്തിൽ അണിചേരാനിരിക്കെയാണ്‌‌ നിയമങ്ങൾ സ്‌റ്റേ ചെയ്യണമെന്ന കോടതി നിർദേശം. വെള്ളിയാഴ്‌ച കർഷക സംഘടനകളുമായുള്ള ചർച്ചയിൽ കാർഷികനിയമങ്ങളുടെ സാധുത കോടതി തീരുമാനിക്കട്ടെയെന്ന നിലപാട്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സുപ്രീംകോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയം.

കർഷകസമരത്തിന്‌ പിന്തുണയേറുകയാണെന്ന്‌ ബോധ്യപ്പെട്ടതോടെ അംബാനിയും അദാനിയുമടക്കമുള്ള കോർപറേറ്റ്‌ ലോബിയെ പിണക്കാതെ വിഷയം എങ്ങനെ അവസാനിപ്പിക്കാമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു മോഡി സർക്കാർ. കാർഷികനിയമങ്ങൾക്ക്‌ കർഷകരുടെ പിന്തുണയുണ്ടെന്ന്‌ വരുത്താൻ പഞ്ചാബിലും ഹരിയാനയിലും മറ്റും സമാന്തരയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും പാളി. ഹരിയാനയിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന മഹാപഞ്ചായത്ത്‌ കർഷകപ്രതിഷേധത്തെ തുടർന്ന്‌ ഉപേക്ഷിച്ചു. തിങ്കളാഴ്‌ച പഞ്ചാബിലും ബിജെപിയുടെ യോഗം അലങ്കോലപ്പെട്ടു. ജനപിന്തുണ കർഷകർക്കാണെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ കോടതി ഇടപെടലിലൂടെ പ്രശ്‌നത്തിൽനിന്ന്‌ തലയൂരാൻ കേന്ദ്രം നീക്കമാരംഭിച്ചതും കോടതി തീരുമാനിക്കട്ടെയെന്ന നിലപാടെടുത്തതും.

ഡൽഹി അതിർത്തികളിൽ നവംബർ 26ന്‌ ആരംഭിച്ച കർഷകസമരം ഒത്തുതീർപ്പാക്കാൻ എട്ടുവട്ടം കേന്ദ്രവും കർഷകസംഘടനകളും ചർച്ച നടത്തി. മൂന്ന്‌ നിയമവും പിൻവലിച്ചേ തീരൂവെന്ന നിലപാടിൽ കർഷകസംഘടനകൾ ഉറച്ചുനിന്നു. സംഘടനകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ സർക്കാർ ഇടപെടൽ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചർച്ചകൾ പരമാവധി നീട്ടിക്കൊണ്ടുപോയി സമരം പൊളിക്കാമെന്ന പ്രതീക്ഷയും പാളി. ഇതോടെയാണ്‌ കോടതിയിൽ അഭയം തേടിയത്‌. നയപരമായ വിഷയമായതിനാൽ കോടതിയല്ല സർക്കാരാണ്‌ തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ്‌ കർഷകസംഘടനകൾ സ്വീകരിച്ചത്‌.

നിയമങ്ങളുടെ സാധുത കോടതി ശരിവച്ചാൽത്തന്നെയും സമരത്തിൽനിന്ന്‌ പിൻവാങ്ങില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘടനകളാരും കോടതിയെ സമീപിച്ചിരുന്നുമില്ല. ചില എംപിമാരും അഭിഭാഷകരും സമർപ്പിച്ച ഹർജികളാണ്‌‌ കോടതി മുമ്പാകെ എത്തിയത്‌.

ഇതോടൊപ്പം സമരത്തിനെതിരായ ഹർജികളും നിയമങ്ങളെ പിന്തുണച്ചുള്ള ഹർജികളും സമർപ്പിക്കപ്പെട്ടു. ഹർജികൾ പരിഗണിച്ച്‌ സുപ്രീംകോടതി നടത്തിയ നിശിത വിമർശങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാരിന്‌ സംഭവിച്ച പരാജയത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. സ്‌റ്റേ ചെയ്യണമെന്ന കോടതി നിലപാട്‌ സമരത്തിന്‌ കൂടുതൽ ഊർജമേകുന്നതിനൊപ്പം കോർപറേറ്റ്‌ ലോബിയെ പിണക്കാതെ വിഷയം അവസാനിപ്പിക്കാൻ സർക്കാരിന്‌ വഴിയൊരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top