22 October Tuesday

ജസ്‌റ്റിസ്‌ അകിൽ ഖുറേഷിയുടെ നിയമനം; മുൻ ശുപാർശ മാറ്റിയ കൊളീജിയം നടപടി വിവാദമാകുന്നു

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

ന്യൂഡൽഹി >  ഗുജറാത്ത്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അകിൽ ഖുറേഷിയെ മധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കണമെന്ന മുൻ ശുപാർശ മാറ്റിയ കൊളീജിയം നടപടി വിവാദമാകുന്നു. ജസ്റ്റിസ്‌ അകിൽ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കണമെന്നാണ്‌ ഈ മാസം അഞ്ചിന്‌ ചേർന്ന കൊളീജിയത്തിന്റെ പുതിയ ശുപാർശ. ജസ്റ്റിസ്‌ ഖുറേഷിയെ മധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കണമെന്നായിരുന്നു മെയ്‌10ലെ  ശുപാർശ.

 ജസ്റ്റിസ്‌ അകിൽ ഖുറേഷിയെ മധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാരിന്‌ താൽപ്പര്യമില്ലായിരുന്നു. അതിനാൽ കൊളീജിയം ശുപാർശയിൽ തീരുമാനം എടുക്കാതെ മാസങ്ങളോളം ഫയൽ പിടിച്ചുവച്ചു.

 2010ൽ സൊഹ്‌റാബുദീൻ ഷെയ്‌ക്ക്‌ വ്യാജഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ട്‌ ഉത്തരവിറക്കിയ ജഡ്‌ജിയാണ്‌ ജസ്റ്റിസ്‌ അകിൽ ഖുറേഷി. ലോകായുക്ത കേസിൽ ഗുജറാത്ത്‌ സർക്കാരിന്‌ വൻ തിരിച്ചടിയായ ഉത്തരവ്‌ പുറപ്പെടുവിച്ചതും അദ്ദേഹമാണ്‌. ഈ സാഹചര്യത്തിൽ ജസ്റ്റിസ്‌ അകിൽ ഖുറേഷിയുടെ നിയമനം അംഗീകരിക്കാതെ സർക്കാർ പകപോക്കുകയാണെന്ന ആക്ഷേപം ശക്തമായി. നിയമനം മനഃപൂർവം വൈകിക്കുകയാണെന്നുകാണിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതിയിലെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു.
 
 മുൻ ശുപാർശയിൽ  മാറ്റം വരുത്തിയ കൊളീജിയം നടപടി അപ്രതീക്ഷിതമാണെന്ന്‌ നിയമവൃത്തങ്ങൾ പ്രതികരിച്ചു. ശുപാർശ മാറ്റാനുള്ള കാരണം കൊളീജിയം പ്രമേയത്തിൽ കൃത്യമായി പരാമർശിച്ചിട്ടില്ല. ആഗസ്‌ത്‌ 23, 27 തീയതികളിൽ സർക്കാർ നൽകിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ശുപാർശയിൽ മാറ്റംവരുത്തുന്നുവെന്നാണ്‌ പ്രമേയത്തിൽ പറയുന്നത്‌. ഈ വിശദീകരണം തൃപ്‌തികരമല്ലെന്നാണ്‌ ചില മുതിർന്ന അഭിഭാഷകരുടെ പ്രതികരണം. സർക്കാർ ഇടപെടലിനെ തുടർന്നാണ്‌ കൊളീജിയം ശുപാർശയിൽ മാറ്റംവരുത്തിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top