24 May Friday

ചീഫ‌്ജ‌സ‌്റ്റിസിന‌് എതിരായ പരാതി: ഫുൾകോർട്ട‌് സമിതി അന്വേഷിക്കണം

സ്വന്തം ലേഖകൻUpdated: Tuesday Apr 23, 2019

ന്യൂഡൽഹി
ചീഫ‌്ജസ‌്റ്റിസിനെതിരെ മുൻജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമപരാതി ഫുൾകോർട്ട‌് നേതൃത്വം നൽകുന്ന സമിതി അന്വേഷിക്കണമെന്ന‌് ആവശ്യം. സുപ്രീംകോടതി അഡ്വക്കറ്റ‌്സ‌് ഓൺ റെക്കോഡ‌് അസോസിയേഷനാണ‌് ഈ ആവശ്യം ഉന്നയിച്ച‌് രംഗത്തെത്തിയത‌്. തനിക്കെതിരെ മുൻജീവനക്കാരി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ചീഫ‌്ജസ‌്റ്റിസ‌് നേതൃത്വം നൽകുന്ന ബെഞ്ച‌് സ്വമേധയാ സ്വീകരിച്ച നടപടിക്രമം തെറ്റാണെന്നും  അസോസിയേഷൻ പ്രസ‌്താവനയിൽ ചൂണ്ടിക്കാട്ടി.

മുൻ ജീവനക്കാരി ചീഫ‌്ജസ‌്റ്റിസിനെതിരെ ഉന്നയിച്ച പരാതിയിൽ മറ്റേത‌് പരാതികളിലെയുംപോലെ അന്വേഷണം നടത്തണം. ഫുൾകോർട്ട‌് പ്രസ‌്തുത അന്വേഷണത്തിന‌് നേതൃത്വം വഹിക്കണം. അന്വേഷണസമിതിക്ക‌് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം, പരാതിയിൽ ഉടൻ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ‌് ചീഫ‌്ജസ‌്റ്റിസിന്റെ തീരുമാനമെന്ന‌് സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട‌് പൊതുതാൽപ്പര്യ ഹർജികളോ മറ്റോ പരിഗണനയ‌്ക്ക‌് എത്തിയാൽമാത്രം തുടർനടപടികൾ ആലോചിച്ചാൽ മതിയെന്നാണ‌് തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട‌് ഹർജികൾ വരുകയാണെങ്കിൽ, അത‌് പരിഗണിക്കുന്ന ബെഞ്ചിൽ താൻ അംഗമാകില്ലെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് നിലപാട‌് വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. ചീഫ‌്ജസ‌്റ്റിസ‌് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ‌്ജിയായ എസ‌് എ ബോബ‌്ഡെയായിരിക്കും ഹർജികൾ പരിഗണിക്കേണ്ടിവരുക.

1991ലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ഉത്തരവ‌് പ്രകാരം സിറ്റിങ‌് ജഡ‌്ജിമാർക്കും റിട്ടയേർഡ‌് ജഡ‌്ജിമാർക്കുമെതിരെ എഫ‌്ഐആർ രജിസ‌്റ്റർ ചെയ്യാനാകില്ലെന്നതിനാൽ യുവതിയുടെ പരാതിയിൽ മറ്റ‌് രീതിയിലുള്ള നിയമനടപടിക്കും സാധ്യതയില്ല. ലൈംഗികാതിക്രമ പരാതിയിൽ ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ ബെഞ്ച‌് ശനിയാഴ‌്ച നടത്തിയ പ്രത്യേക സിറ്റിങ‌് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന‌് മുൻ അഡീഷണൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ രാജു രാമചന്ദ്രൻ പ്രതികരിച്ചു. ആരോപണവിധേയനായ ചീഫ‌്ജസ‌്റ്റിസ‌് നടപടിക്രമങ്ങളിൽനിന്ന‌് സ്വയംമാറിനിൽക്കുകയും സഹപ്രവർത്തകരായ മുതിർന്ന ജഡ‌്ജിമാരോട‌് നിയമാനുസൃത നടപടിക്രമങ്ങൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നെങ്കിൽ നിയമസംവിധാനത്തിന്റെ വിശ്വാസ്യത വർധിക്കുമായിരുന്നു.

ചീഫ‌്ജസ‌്റ്റിസോ, അദ്ദേഹത്തിന്റെ ബെഞ്ചിൽ അംഗങ്ങളായ മറ്റ‌് രണ്ട‌് ജഡ‌്ജിമാരോ അറ്റോർണി ജനറലോ പരാതി കൈകാര്യംചെയ്യേണ്ട നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച‌് ചർച്ച ചെയ‌്തില്ലെന്നത‌് ഖേദകരമാണെന്നും രാജു രാമചന്ദ്രൻ പറഞ്ഞു. അതേസമയം, ചീഫ‌്ജസ‌്റ്റിസിനെതിരായ പരാതി വലിയ ചർച്ചയായ അവസരത്തിലും തിങ്കളാഴ‌്ച സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ സാധാരണരീതിയിൽ നടന്നു. കോടതി ചേരുന്നതിനു മുമ്പ‌് പ്രവേശനകവാടത്തിനരികിൽ ചില അഭിഭാഷകർ പ്രതിഷേധപ്രകടനം നടത്തി. പകൽ 10.30ന‌് ഒന്നാംനമ്പർ കോടതിയിൽ എത്തിയ ചീഫ‌്ജസ‌്റ്റിസ‌് പതിവുപോലെ കേസുകൾ പരിഗണിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top