07 February Tuesday
‘പരിസ്ഥിതിയുടെ പേരിൽ മുഴുവൻ വികസനവും 
 തടസ്സപ്പെടുത്താൻ സാധിക്കില്ല’

പ്രാദേശിക പ്രത്യേകത പരിഗണിക്കണം ; ബഫർസോണില്‍ സുപ്രീംകോടതി ; നിരീക്ഷണം കേരളത്തിന്റെ വാദങ്ങളെ 
ശരിവയ്‌ക്കുന്നത്‌

എം അഖിൽUpdated: Friday Dec 2, 2022


ന്യൂഡൽഹി
വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിതവനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവ്‌ നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ജൂൺ മൂന്നിലെ ഉത്തരവ്‌ നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും യഥാർഥസാഹചര്യങ്ങളുംകൂടി കണക്കിലെടുക്കണമെന്ന്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, വിക്രംനാഥ്‌ എന്നിവരുടെ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു.

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിന്റെ പേരിൽ മുഴുവൻ വികസനവും വേണ്ടെന്ന്‌ വയ്‌ക്കാനാകില്ലെന്നും ജസ്‌റ്റിസ്‌ ഗവായ്‌ ചൂണ്ടിക്കാട്ടി. ബഫർസോൺ ഉത്തരവ്‌ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകസാഹചര്യങ്ങൾ കണക്കിലെടുത്താണ്‌ ബഫർസോൺ നിശ്ചയിക്കേണ്ടതെന്ന വാദമാണ്‌ കേരളം പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്‌. ഈ വാദത്തെ പൂർണമായും ശരിവയ്‌ക്കുന്നതാണ്‌ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജൂൺ മൂന്നിലെ ഉത്തരവിൽ ഇളവ്‌ തേടിയുള്ള ഒരുകൂട്ടം ഹർജി പരിഗണിക്കവെയാണ്‌ വ്യാഴാഴ്‌ച ബെഞ്ചിന്റെ നിരീക്ഷണം.

‘വൻ പ്രത്യാഘാതം 
ഉണ്ടാക്കും’
നഗരപ്രദേശങ്ങൾക്ക്‌ ഉള്ളിൽത്തന്നെ വനങ്ങളായി വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥലങ്ങളുണ്ട്‌. അവിടെയെല്ലാം  ഉത്തരവ്‌ നടപ്പാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജയ്‌പുർ നഗരത്തിൽനിന്ന്‌ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ വനമായി വിജ്ഞാപനംചെയ്‌ത സ്ഥലങ്ങളുണ്ട്‌. അവിടെ മുഴുവൻ റോഡും പൊളിക്കുകയോ റോഡിനെ കാടാക്കി മാറ്റുകയോ വേണ്ടിവരും.

അടിസ്ഥാന യാഥാർഥ്യങ്ങൾകൂടി  പരിഗണിച്ച ശേഷമേ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ പാടുള്ളൂ–- ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ അഭിപ്രായപ്പെട്ടു. മുംബൈ നഗരപ്രാന്തത്തിലുള്ള തുൻഗരേശ്വർ വന്യജീവിസങ്കേതത്തെ കഴിഞ്ഞ ദിവസവും മുംബൈയിലെ സഞ്‌ജയ്‌ഗാന്ധി ദേശീയ പാർക്ക്‌, താനേ ക്രീക്ക്‌ ഫ്ലെമിംഗോ സംരക്ഷണകേന്ദ്രം തുടങ്ങിയവയെ നേരത്തേയും ഉത്തരവിന്റെ പരിധിയിൽനിന്ന്‌ കോടതി ഒഴിവാക്കിയിരുന്നു. 20 വർഷംമുമ്പ്‌ ഫയൽ ചെയ്‌ത ചില ഹർജികളിലാണ്‌ നിർണായക ഉത്തരവ്‌ പുറപ്പെടുവിച്ചതെന്നും സമീപകാലത്തെ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ കോടതി പരിഗണിച്ചിട്ടില്ലെന്നും കക്ഷികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി ചൂണ്ടിക്കാട്ടി. ചില വനങ്ങളെ ഉത്തരവിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാവുന്നതാണെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത പറഞ്ഞു. ഉത്തരവ്‌ വികസനപ്രവർത്തനങ്ങൾക്ക്‌ തടസ്സമാണെന്നും ഭേദഗതി വേണമെന്നും ആവശ്യപ്പെട്ട്‌ റെയിൽവേയും ഹർജി നൽകിയിട്ടുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top