25 April Thursday

തെരഞ്ഞെടുപ്പ് കമീഷൻ മയക്കത്തിൽ നിന്നും ഉണർന്നെന്ന് സുപ്രീം കോടതി; യോഗി ആദിത്യനാഥിന്റെ വിലക്ക് ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ന്യൂഡൽഹി> മയക്കത്തിൽ ആയിരുന്ന തെരഞ്ഞെടുപ്പ് കമീഷൻ പെട്ടെന്ന് അധികാരത്തെ കുറിച്ച് ബോധം ഉണ്ടായെന്ന് സുപ്രീം കോടതി. കമീഷന്റെ അധികാരത്തെ കുറിച്ച് ബോധം ഉണ്ടായതിനെ തുടർന്നാണ് വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥ്, മായാവതി, അസം ഖാൻ, മേനക ഗാന്ധി എന്നിവർക്ക് എതിരെ നടപടി എടുത്തത് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി എടുക്കാൻ അധികാരം ഇല്ല എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിലപാട് എടുത്ത തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് നിലപാട് മാറ്റി. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി എടുക്കാൻ കമീഷന് അധികാരം ഉണ്ടെന്ന് കോടതിയെ അറിയിച്ചു. കൂടുതൽ ഉത്തരവ് ഇപ്പോൾ ആവശ്യം ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ്. ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചു

തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ പ്രചാരണ വിലക്കിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷൻ അവരുടെ അധികാരങ്ങൾ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു. ചട്ട ലംഘനം നടത്തിയവർക്ക് എതിരെയാണ് കമീഷൻ നടപടിയെന്നും അതിനാൽ ഇപ്പോൾ ഒരു ഉത്തരവിന്റെ ആവശ്യം ഇല്ല ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top