25 May Monday
1997ൽ ഉണ്ടായ ബുൾബുൾ ചുഴലിക്കാറ്റിനേക്കാളും നാശം വിതച്ചു

ഉംപുൻ : ബംഗാളിൽ സർവനാശം ; മാറ്റിപ്പാര്‍പ്പിച്ചത് 7 ലക്ഷം പേരെ; മരണസംഖ്യ ഇനിയും ഉയരും

ഗോപിUpdated: Friday May 22, 2020

കൊൽക്കത്തയിൽ ഉംപുനിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് തകർന്ന‌ ബസ്‌

കൊൽക്കത്ത
പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലെ  വലിയ ദുരന്തം സൃഷ്ടിച്ചാണ്‌‌ ഉംപുൻ  കടന്നുപോയത്‌. സംസ്ഥാനത്ത്‌ 100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്‌‌.1970ൽ ഉണ്ടായ ചുഴലിക്കാറ്റാണ്‌ ബംഗാളിൽ ഇതുവരെ ഏറ്റവും നാശം വിതച്ചത്‌. ഇതിന്റെ പലമടങ്ങ്‌ നാശമാണ്‌ ഇപ്പോൾ ഉണ്ടായത്‌‌. പതിനായിരങ്ങളെ നേരിട്ടു ബാധിച്ച ‌ ചുഴലിക്കാറ്റ്‌ ‌ ഇതുവരെ 72 പേരുടെ ജീവൻ കവർന്നു‌. മരണസംഖ്യ ഇനിയും ഉയരുമെന്നും ബംഗാൾ സാധാരണസ്ഥിതിയിലേക്ക്‌ തിരിച്ചെത്താൻ ദിവസങ്ങളെടുക്കുമെന്നും‌ അധികൃതർ പറഞ്ഞു‌.

ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.  മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ്  സംസ്ഥാനത്തെ ആറ് ജില്ലയിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ‌  വീടുകളും കെട്ടിടങ്ങളും തകർന്നു. കൊൽക്കത്ത വിമാനത്താവളത്തിലെ ഹാങ്കറിൽ വെള്ളം കയറി. പോസ്റ്റുകൾ ഒടിഞ്ഞുവീണ് വൈദ്യുതി നിലച്ചു.‌ ആയിരത്തഞ്ഞൂറിലധികം മൊബൈൽഫോൺ ടവർ തകർന്നു. നാലായിരത്തിലധികം‌ മരം കടപുഴകി. കാർഷികവിളകൾ നശിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ തിരികെയെത്തി ക്യാമ്പുകളിൽ കഴിയുന്ന കുടിയേറ്റത്തൊഴിലാളികളെയും ഉംപുൻ സാരമായി ബാധിച്ചു. ‘ഇങ്ങനെയൊരു ദുരന്തം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത്‌ സർവനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു’–-മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു‌.

കൊൽക്കത്ത നഗരം നിശ്ചലമാണ്‌. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണമായും വെള്ളത്തിനടിയിലാണ്‌‌. അഞ്ചു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ആയിരങ്ങൾ അപകടമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്‌. റോഡുകൾപോലും ഒലിച്ചുപോയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക്‌ എത്തിച്ചേരാനായില്ല‌‌. വൈദ്യുതക്കമ്പികൾ പൊട്ടിവീണാണ്‌ മരണമേറെയും. കോവിഡ്‌ പടർന്നുപിടിക്കുന്നതിനിടെ ചുഴലിക്കാറ്റ്‌ കൂടി എത്തിയതോടെ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. ആളുകളെ മാറ്റിത്താമസിപ്പിക്കുമ്പോൾ സാമൂഹിക അകലമടക്കം പാലിക്കാൻ കഴിയാതെ വന്നത്‌ രോഗവ്യാപനം കൂടുതൽ രൂക്ഷമാക്കാനും വഴിയൊരുക്കാനുമുള്ള സാധ്യതയുണ്ട്‌. ഏറ്റവും കൂടുതൽ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനമാണ്‌ ബംഗാൾ.


 


മാറ്റിപ്പാര്‍പ്പിച്ചത് 7 ലക്ഷം പേരെ
ഉം-പുൻ ചുഴലിക്കാറ്റിനെ തുടർന്ന്‌ ബംഗാളിൽ അഞ്ചുലക്ഷം പേരെയും ഒഡിഷയിൽ രണ്ടു ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനത്തെയും സ്ഥിതി ദേശീയ ദുരന്ത നിവാരണ സമിതി വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ അവലോകന യോഗത്തിൽ ഇരു സംസ്ഥാനങ്ങളുടെയും ചീഫ്‌സെക്രട്ടറിമാർ സ്ഥിതിഗതികൾ വിവരിച്ചു.

ഒഡിഷ 1999ൽനേരിട്ട സൂപ്പർ സൈക്ലോണിന്റെ തീവ്രതയോട് അടുത്തു നിൽക്കുന്നതാണ് ഉം-പുൻ ചുഴലിക്കാറ്റ്‌. കൊൽക്കത്തയില്‍ ​ദേശീയ ദുരന്തപ്രതികരണ സേനയുടെ കൂടുതൽ സംഘങ്ങളെ വിന്യസിക്കും. ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുമെന്ന് എഫ് സി ഐയും അറിയിച്ചു. കെടുതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top