21 July Sunday

മാണ്ഡ്യയിൽ ബിജെപി കോൺഗ്രസ‌് രഹസ്യധാരണ : ജെഡിഎസിനെ തോൽപ്പിക്കാൻ ബിജെപി സ്വതന്ത്ര സുമലതയെ പിന്തുണച്ച‌് കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019


ബംഗളൂരു
കർണാടകത്തിൽ ജെഡിഎസും കോൺഗ്രസും സഖ്യമായി ലോക‌്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രണ്ട‌് സീറ്റിൽ കോൺഗ്രസ‌്–-ബിജെപി രഹസ്യധാരണ. ജെഡിഎസ‌് സിറ്റിങ‌് സീറ്റുകളായ മാണ്ഡ്യ, ഹസൻ എന്നിവിടങ്ങളിലാണ‌് ദേവഗൗഡയുടെ കൊച്ചുമക്കളെ തോൽപ്പിക്കാൻ ബിജെപി കോൺഗ്രസിന‌് കൂടി സ്വീകാര്യരായ സ്ഥാനാർഥികളെ നിർത്തുന്നത‌്.  മാണ്ഡ്യയിൽ  കോൺഗ്രസ‌് നേതാവ‌ും സിനിമാനടനുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലത  ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയാവുകയാണ‌്. മണ്ഡലത്തിലെ കോൺഗ്രസ‌് നേതാക്കളിൽ ഭൂരിപക്ഷവും സുമലതയെ പിന്തുണയ‌്ക്കുന്നു.

ഏറെനാൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ‌് കർണാടകത്തിൽ ഇരു പാർടികളും ധാരണയിലെത്തിയത‌്. സംസ്ഥാനത്തെ 28 സീറ്റിൽ എട്ട‌ു സീറ്റാണ‌് കോൺഗ്രസ‌് ജെഡിഎസിന‌് നൽകിയത‌്. കോൺഗ്രസിന്റെ സിറ്റിങ‌് സീറ്റായ തുംകൂർ ഉൾപ്പെടെയുള്ള ചില സീറ്റുകൾ വിട്ടുകൊടുത്തതിനെതിരെ പ്രാദേശിക നേതാക്കൾ പ്രേതിഷേധിക്കുന്നതിടെയാണ‌് മാണ്ഡ്യയിലും ഹസനിലും ബിജെപി–-കോൺഗ്രസ‌് നീക്കുപോക്ക‌്. മാണ്ഡിയിൽ കോൺഗ്രസ‌് ടിക്കറ്റിൽ മത്സരിക്കുമെന്ന‌് സുമലത പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ പല ഭാഗങ്ങളും സന്ദർശിച്ച‌് മുന്നൊരുക്കങ്ങളും നടത്തി. മാണ്ഡ്യ സീറ്റ‌് ജെഡിഎസിന‌് നൽകിയ ശേഷവും ഇവർ സ്ഥാനാർഥിയാകണമെന്ന‌് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കിയതിനുപിന്നാലെ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ‌് എം കൃഷ‌്ണയെ സന്ദർശിച്ച‌് പിന്തുണ ആവശ്യപ്പെട്ടു. 27 സീറ്റുകളുടെ സ്ഥാനാർഥി പട്ടിക അംഗീകരിച്ച ബിജെപി മാണ്ഡ്യ ഒഴിച്ചിട്ടിരിക്കയാണ‌്. ബുധനാഴ‌്ച സുമലതയെ പിന്തുണച്ചുകൊണ്ടുള്ള ബിജെപി പ്രഖ്യാപനമുണ്ടാകും.

ബുധനാഴ‌്ച നോമിനേഷൻ കൊടുക്കാനിരിക്കെ സുമലതക്കായി കോൺഗ്രസ‌് പ്രവർത്തകർ മണ്ഡലത്തിലുടനീളം പ്രചാരണം തുടങ്ങി. ശക്തികേന്ദ്രമായ മാണ്ഡ്യയിൽ ജെഡിഎസിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ബിജെപിയും കോൺഗ്രസും സുമലതയെ മുന്നിൽ നിർത്തി രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നത‌്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയാണ‌് ജെഡിഎസ‌് സ്ഥാനാർഥി.

ഹസനിലാകട്ടെ കോൺഗ്രസ‌് നേതാവും എംഎൽഎയുമായിരുന്ന എ മഞ്ജുവിനെയാണ‌് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത‌്.  മുൻമന്ത്രികൂടിയായ മഞ്ജു അടുത്തിടെയാണ‌് ബിജെപിയിൽ ചേർന്നത‌്. പ്രാദേശിക കോൺഗ്രസ‌് നേതാക്കളുടെ പിന്തുണയോടെയാണ‌് മഞ്ജു പ്രചാരണം നടത്തുന്നത‌്.  മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനും മന്ത്രിയുമായ രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണയാണ‌് ജെഡിഎസ്‌ സ്ഥാനാർഥി.
നാല‌് കോൺഗ്രസ‌് എംഎൽഎമാർ

ഇപ്പോഴും ബിജെപി പാളയത്തിലാണ‌്. കോൺഗ്രസ‌് എംഎൽഎയായ ഉമേഷ‌് ജാദവ‌്  രാജിവച്ച‌് ബിജെപിയിൽ ചേർന്നത‌് ഒരാഴ‌്ച മുമ്പാണ‌്. കോൺഗ്രസ‌ിന്റെ ലോക‌്സഭയിലെ നേതാവ‌്  മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ കലബുർഗിയിൽ മത്സരിക്കുന്നത‌് ഉമേഷ‌് ജാദവാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top