18 April Thursday

‘രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’;10000 വിദ്യാർത്ഥികളെ കൊണ്ട്‌ വാലെന്റൈൻസ്‌ ദിന പ്രതിജ്ഞ ചൊല്ലിച്ച്‌ സ്‌കൂൾ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

സൂറത്ത്> രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന്‌ വാലന്റൈന്‍സ് ദിനത്തില്‍  വിദ്യാർത്ഥികളെ കൊണ്ട്‌ പ്രതിജ്ഞ ചൊല്ലിച്ച്‌  സ്‌കൂൾ അധികൃതർ. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ 10,000 വിദ്യാര്‍ത്ഥികളെകൊണ്ടാണ്‌ എടുപ്പിച്ചത്‌.  20 ഓളം സ്വകാര്യ സ്‌കൂളുകളിലാണ്‌ പ്രതിജ്ഞ എടുക്കുന്നത്‌.

നഗരത്തിലെ ലാഫ്റ്റര്‍ ക്ലബ് തെറാപിസ്‌റ്റും കുട്ടികൾക്ക്‌ കൗൺസിലിങ് കൊടുക്കുന്നയാളുമായ  കമലേഷ് മസലവാലയുടെ അഭിപ്രായമനുസരിച്ചാണ്‌ ഇത്തരം നീക്കത്തിന്‌ സ്‌കൂൾ അധികൃതർ തയ്യാറായത്‌.  17 വയസിന്‌ മുകളിലുള്ള കുട്ടികളെകൊണ്ടാണ്‌ പ്രതിജ്ഞ ചൊല്ലിക്കുന്നത്‌.

കുട്ടികളെ കൗൺസിലിങ് ചെയ്യുന്നതിന്‌ ഇടെയാണ്‌ ഈ ആശയം ലഭിച്ചതെന്നും മാതാപിതാക്കളുടെ വികാരമാണ്‌ താൻ പങ്കുവെച്ചതെന്നും കമലേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.  നിരവധി കുട്ടികള്‍ അവരുടെ പ്രണയം മാതാപിതാക്കള്‍ സമ്മതിക്കുന്നില്ലയെന്ന് പറഞ്ഞ് തന്നെ സമീപിക്കാറുണ്ടെന്നും അവരോടെല്ലാം താൻ  കുടുംബത്തിന്റെ പ്രാധാന്യവും  രക്ഷിതാക്കളോടുള്ള  കടമയേകുറിച്ചും പറയാറുണ്ടെന്നും എങ്കിലും താനൊരു പ്രണയ വിരോധിയല്ലെന്നും  കമലേഷ്‌ പറയുന്നു.

സ്‌കൂളുകളിൽ പ്രതിജ്ഞക്കൊപ്പം ചൈല്‍ഡ് സൈക്യാര്‍ട്ടിസ്റ്റായ ഡോക്ടര്‍ മുകുള്‍ ചോക്‌സി എഴുതിയ ഒരു ഗാനവും വിദ്യാര്‍ത്ഥികള്‍ ആലപിക്കുന്നുണ്ട്.

‘ദൈവം നല്‍കിയ ഈ ദാനത്തെ നാം സ്‌നേഹിക്കും, നമ്മുടെ സ്‌നേഹിതനെ മാത്രമല്ല, മുഴുവന്‍ കുടുംബത്തെയും സ്‌നേഹിക്കും.. ആദ്യം നമ്മുടെ മാതാപിതാക്കള്‍ പറയുന്ന സദ്ഗുണങ്ങളെ നാം സ്‌നേഹിക്കണം.’എന്ന വരികളുള്ള ഗാനമാണ്‌ ആലപിക്കുക.
 


പ്രധാന വാർത്തകൾ
 Top