17 February Sunday

സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

തിരുച്ചിറപ്പള്ളി> സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണൻ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കാമുകികൊപ്പം കണ്ടതിന‌് നാലംഗ സംഘം തുടയിൽ കുത്തി മുറിവേൽപ്പിച്ചത‌്. മുറിവിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിയെ മരിക്കുകയായിരുന്നു. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തമിഴ്‌വണ്ണനും നഴ്സിങ് വിദ്യാർത്ഥിയായ യുവതിയുമായി തന്റെ കോളേജിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട നാലംഗ സംഘം സ്ഥലത്തെത്തി ഇവരോട് മോശമായി സംസാരിച്ചു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് മോശമായ വാക്കുകള്‍ ഉപയോഗിച്ചതോടെ തമിഴ്‌വണ്ണന്‍ നാലംഗ സംഘവുമായി വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു.

ഇതിനിടെ സംഘത്തിലെ ഒരാൾ തമിഴ്‌വണ്ണന്റെ തുടയിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് തിരുച്ചിറപ്പള്ളി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു. മുറിവേല്‍പ്പിച്ച ശേഷം തമിഴ്‌വണ്ണനോടും യുവതിയോടും എത്രയും വേഗം സ്ഥലത്ത് നിന്ന് പോകണമെന്ന് മുന്നറിയിപ്പും നല്‍കി. തമിഴ്‌വണ്ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോരവാര്‍ന്ന് ഒഴുകുന്നത് കണ്ടതോടെ യുവതി  ആംബുലൻസ‌് വിളിച്ച‌് വരുത്തി തമിഴ്‌വണ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെെകിയിരുന്നു.

തുടയിൽ ആഴത്തിലുള്ള മുറിവിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിയെ തമിഴ്‌വണ്ണന്‍ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top