12 December Thursday

മധ്യപ്രദേശിൽ പണിമുടക്ക് നിയന്ത്രിച്ച് ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ന്യൂഡൽഹി >  വ്യവസായ കേന്ദ്രങ്ങളിൽ തദ്ദേശീയർക്ക്‌ 70 ശതമാനം സംവരണവും പണിമുടക്കിന്‌ നിയന്ത്രണവും ഏർപ്പെടുത്തി മധ്യപ്രദേശിലെ കോണ്‍​ഗ്രസ് സർക്കാർ ഉത്തരവിറക്കി. രൂക്ഷമായ തൊഴിലില്ലായ്‌മയുടെ പേരിലുള്ള പ്രതിഷേധങ്ങളെ മറികടക്കാനാണ്‌ കമൽനാഥ്‌ സർക്കാരിന്റെ ശ്രമം.

 വ്യവസായമേഖലയിലെ 11 വിഭാഗത്തെ സംസ്ഥാന വ്യവസായ തർക്കപരിഹാര നിയമത്തിൽനിന്ന്‌ ഒഴിവാക്കിയ 2007ലെ വിജ്ഞാപനം സർക്കാർ റദ്ദാക്കി. ഇതോടെ പണിമുടക്കും ഫാക്ടറികൾ അടച്ചിടുന്നതും നിയമവിരുദ്ധമാകും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും തൊഴിൽതർക്ക പരിഹാരത്തിനും രജിസ്‌റ്റർ ചെയ്‌ത യൂണിയൻ പ്രതിനിധികൾക്കു മാത്രമേ പങ്കെടുക്കാനാകു.

 വ്യവസായികൾക്ക്‌ അനുകൂലമായ നിരവധി പഴുതുകളുള്ളതാണ്‌ നിയമമെന്ന്‌ തൊഴിലാളി യൂണിയൻ നേതാവ്‌ പ്രമോദ്‌ പ്രഥാൻ പറഞ്ഞു. സര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധനീക്കമാണെന്ന്‌ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

 മുൻ ബിജെപി സർക്കാർ 50 ശതമാനം തദ്ദേശീയസംവരണം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട്‌ ഒഴിവാക്കുകയായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെ അട്ടിമറിക്കുന്നതാണ്‌ തീരുമാനമെന്ന വിമർശവും ശക്തമാണ്‌. വ്യവസായശാലയിലെ ജോലികൾക്ക്‌ പ്ലസ്‌ ടു യോഗ്യത വേണമെന്ന വ്യവസായികളുടെ ആവശ്യം നടപ്പാക്കാനാകുന്നില്ലെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ജീതു പട്‌വാരി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം എല്ലാവർക്കും അറിയാവുന്നതാണെന്നും അത്‌ മെച്ചപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top