22 October Tuesday

ബ്രിട്ടീഷ്‌ എണ്ണക്കപ്പലിലെ മലയാളികളെ ഉൾപ്പെടെ വിട്ടയക്കുമെന്ന്‌ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ന്യൂഡൽഹി > ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി മേലേകണ്ടി പ്രീജിത് എന്നിവരാണ് ബ്രിട്ടിഷ് എണ്ണക്കപ്പലിലുള്ള മലയാളികൾ.

മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

മലയാളികൾ ഉൾപ്പെടെ 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ നാലിന് ഗ്രേസ് 1 എന്ന ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top