പുഷ്പ 2 റിലീസ്: അതിരുകടന്ന് ആവേശം; തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
ഹൈദരാബാദ് > പുഷ്പ 2 ന്റെ റിലീസിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്. 14 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബംഗളൂരുവിൽ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്.
0 comments