21 April Sunday

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ‌ിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡൽഹി > ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദം തുടങ്ങി. ക്ഷേത്രഭരണം തിരുവിതാംകൂർ രാജകുടുംബത്തിന‌് മാത്രമായി കൈമാറാൻ കഴിയില്ലെന്നും കഴിഞ്ഞകാലയളവിൽ ക്ഷേത്രഭരണത്തിൽ സംഭവിച്ച കെടുകാര്യസ്ഥതകളെ കുറിച്ച‌് മുൻ സിഎജി വിനോദ‌്റായ‌് ഉൾപ്പടെയുള്ളവർ സമർപ്പിച്ച റിപ്പോർട്ടുകളിലെ വസ‌്തുതകൾ കൂടി പരിഗണിക്കണമെന്നും സർക്കാരിന‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ‌്ദീപ‌്ഗുപ‌്തയും സ‌്റ്റാൻഡിങ് കോൺസൽ ജി പ്രകാശും വാദിച്ചു. ഈ രണ്ട‌് വാദഗതികൾ സംബന്ധിച്ച‌് കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്നും അഭിഭാഷകർ അറിയിച്ചു.

ജസ‌്റ്റിസുമാരായ യു യു ലളിത‌്, ഇന്ദുമൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ച‌് മുമ്പാകെ ബുധനാഴ‌്ചയും സർക്കാർ വാദം തുടരും. അതേസമയം, ക്ഷേത്രഭരണത്തിന‌് ഹൈക്കോടതി മുൻ ജഡ‌്ജി അ‌ധ്യക്ഷനായ ഭരണസമിതിയെ ചുമതലപ്പെടുത്തണമെന്ന‌് ക്ഷേത്രം ട്രസ‌്റ്റി രാമവർമ സത്യവാങ‌്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് നാമനിർദേശം ചെയ്യുന്ന മുൻ ജ‌ഡ‌്ജിയാകണം ഭരണസമിതിക്ക‌് നേതൃത്വം നൽകേണ്ടതെന്നും കേന്ദ്ര സാംസ‌്കാരിക മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും ഒരോ അംഗങ്ങളെ സമിതിയിലേക്ക‌് നാമനിർദേശം ചെയ്യാവുന്നതാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയാകണം മറ്റൊരംഗമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top