15 December Sunday

സോൻഭദ്ര വെടിവയ്‌‌പ്പ‌്: പൊലീസ‌് നേരത്തെ അറിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Jul 22, 2019

ന്യൂഡൽഹി > ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമാഫിയ ആദിവാസികളായ കർഷകരെ ആക്രമിക്കുമെന്ന‌് പൊലീസിന‌് നേരത്തെ അറിവുണ്ടായിരുന്നുവെന്ന‌് വെളിപ്പെടുത്തൽ.  ഗ്രാമമുഖ്യൻ യഗ്യാദത്തിന്റെ നേതൃത്വത്തിൽ അക്രമം നടത്തുമെന്ന‌് ഉത്തർപ്രദേശ‌് പൊലീസിന‌് നേരത്തെ അറിയാമായിരുന്നുവെന്നാണ‌് ദൃക‌്സാക്ഷി വെളിപ്പെടുത്തൽ. വെടിവയ‌്പിന‌് മണിക്കൂറുകൾമുമ്പ‌് ഘോർവാൽ പൊലീ‌സ‌് സ‌്റ്റേഷൻ കോൺസ‌്റ്റബിൾ സത്യജിത‌് തന്നോട‌് ‘എന്തെങ്കിലും സംഭവിക്കാനിടയുണ്ട‌്’ –- എന്ന‌് മുന്നറിയിപ്പ‌് നൽകിയതായി  ദൃക‌്സാക്ഷി രാംരാജ്യ ഒരുമാധ്യമത്തോട‌് പറഞ്ഞു.  സോൻഭദ്ര എസ‌്പി സൽമാൻതാജ‌് ജാഫർതാജ‌് പാട്ടീലിനോട‌് സഹായം തേടിയെങ്കിലും അദ്ദേഹം അത‌് മുഖവിലയ‌്ക്കെടുത്തില്ല.

‘‘ഭൂമിത്തർക്കം എത്രയുംപെട്ടെന്ന‌് പരിഹരിക്കാൻ ഞാനും മറ്റുള്ളവരും സ‌്റ്റേഷനിൽ എത്തണമെന്ന‌് സ‌്റ്റേഷൻ ഹൗസ‌് ഓഫ‌ീസർ ആവശ്യപ്പെട്ടെന്ന‌് കോൺസ്റ്റബിൾ സത്യജിത്ത‌ാണ‌് എന്നോട‌് പറഞ്ഞത‌്. പ്രശ‌്നപരിഹാരത്തിന‌് തയ്യാറാകാതെ, പിന്നീട‌് വല്ലതും സംഭവിച്ചാൽ അധികൃതരെ കുറ്റപ്പെടുത്തിയിട്ട‌് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  യഗ്യാദത്ത‌് ട്രാക്ടറുകളിൽ ആളെക്കൂട്ടുന്നതായി അടുത്ത ഗ്രാമത്തിലെ ചിലരും പറഞ്ഞു. തുടർന്ന‌് എസ‌്പിയെ ബന്ധപ്പെട്ട‌് കാര്യം പറഞ്ഞു.  അവിടത്തെ സ‌്റ്റേഷൻ ഇൻസ‌്പെക്ടറെ വിവരമറിയിച്ചാൽ മതിയെന്നും അദ്ദേഹം കൈകാര്യംചെയ്യുമെന്നും എസ‌്പി പറഞ്ഞു. ബുധനാഴ‌്ച പകൽ 11 മുതൽ 11.30വരെ ഞാൻ പൊലീസിന്റെ എമർജൻസി നമ്പരുകളിലേക്ക‌് പലവട്ടം വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അതിനുശേഷമാണ‌് വെടിവയ‌്പ‌് തുടങ്ങിയത‌്’’–- എന്നായിരുന്നു രാംരാജ്യയുടെ വെളിപ്പെടുത്തൽ.

യോഗി ആദിത്യനാഥ‌് സർക്കാർ ഭൂമാഫിയക്ക‌് അനുകൂലനിലപാടാണ‌് സ്വീകരിച്ചതെന്ന‌ ആക്ഷേപം നേരത്തെ നിലവിലുണ്ട‌്. രാംരാജ്യ തന്നെ ബന്ധപ്പെട്ടെന്ന ആരോപണം എസ‌്പി നിഷേധിച്ചു. കോൺസ‌്റ്റബിൾ സത്യജിത്തിനെ അന്വേഷണവിധേയമായി സസ‌്പെൻഡ‌് ചെയ‌്തിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top