ഡൽഹിയിൽ ദമ്പതികളെയും മകളെയും കൊലപ്പെടുത്തിയത് മകൻ
ന്യൂഡൽഹി> ഡൽഹി നെബ് സരായിയിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് 20കാരനായ മകൻ അർജുൻ തൻവാർ. റിട്ട. ആർമി ഉദ്യോഗസ്ഥനായ പിതാവിന്‍റെ സൈനിക കത്തി ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു മൂവരെയും കൊലപ്പെടുത്തിയത്. കുടുംബത്തോടുള്ള വൈരാഗ്യവും സ്വത്ത് നഷ്ടമാകുമോയെന്ന ഭയവുമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാവിലെയാണ് മൂവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അച്ഛൻ രാജേഷ് കുമാർ (51), അമ്മ കോമൾ (46), സഹോദരി കവിത (23) എന്നിവരാണ് മരിച്ചത്. മരണം സംഭവിച്ചപ്പോൾ താൻ വീടിന് പുറത്തായിരുന്നുവെന്നായിരുന്നു ഇയാൾ മുൻപ് പൊലീസിനോട് പറഞ്ഞിരുന്നത്.
ദമ്പതികൾ തങ്ങളുടെ സ്വത്ത് മകൾക്ക് വിട്ടു നൽകാൻ തീരുമാനിച്ചതിൽ പ്രകോപിതനായാണ് യുവാവ് കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏറെനാളായി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്യുന്നു. മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിൽ തന്നെ കൊലപാതകം നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. നിലവിൽ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുസ്തി താരമായ അർജുന് ഈ മേഖലയിൽ തന്നെ തുടരാനായിരുന്നു ആഗ്രഹം. എന്നാൽ, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കുടുംബത്തിന്‍റെ താൽപര്യം. ഇത് കുടുംബാംഗങ്ങളും അർജുനും തമ്മിലുള്ള അകൽച്ചക്ക് കാരണമായി. പിതാവുമായാണ് അർജുൻ ഏറെ അകന്നത്. പിതാവ് എപ്പോഴും കുറ്റപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും മറ്റുള്ളവരുടെ മുന്നിൽവെച്ച് കളിയാക്കുകയും ചെയ്യുമായിരുന്നു.
സഹോദരി കവിത പിജി പഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുകാർ തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും ഒറ്റപ്പെടുത്തുന്നുമെന്നുമുള്ള ചിന്ത അർജുനിൽ എപ്പോഴുമുണ്ടായിരുന്നു. പൊലീസ് പറഞ്ഞു.
0 comments