22 April Monday

സാമൂഹിക മാധ്യമങ്ങളിലെ 'രാജ്യസ‌്നേഹികളെ' വിമർശിച്ച‌് കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

നാസിക‌് > സാമൂഹിക മാധ്യമങ്ങളിൽ യുദ്ധത്തിന‌് മുറവിളി കൂട്ടുന്ന രാജ്യസ‌്നേഹികളെ കടുത്തഭാഷയിൽ വിമർശിച്ച‌് ബുദ‌്ഗാമിലെ ഹെലികോപ‌്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റിന്റെ ഭാര്യ. പൈലറ്റ‌് നിനാദ് മന്ദവാഗ്നേയുടെ ഭാര്യ വിജേത മന്ദവാഗ്നേയാണ് വിമർശനവുമായി രംഗത്തെത്തിയത‌്. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവർ അൽപ്പം ഉത്തരവാദിത്തം കാണിക്കണമെന്ന‌് വിജേത പറഞ്ഞു.

വികാരം ഉയർത്തിവിടുന്ന തരത്തിലുള്ള പരാമര്‍ശങ്ങളിൽ നിന്നും പിന്തിരിയണം. സാമൂഹിക മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഔചിത്യമില്ലാതെയും പെരുമാറുന്നു. ഇത്തരക്കാരോട് തനിക്ക് പറയാനുള്ള കാര്യം എന്റെ നിനാദിനെപ്പോലെ, വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെപ്പോലെ, അതിർത്തിയിലെ മറ്റ് സൈനികരെപ്പോലെ നിങ്ങളും സൈന്യത്തിൽ ചേരൂ. നിങ്ങൾക്ക‌ായില്ലെങ്കിൽ കുടുംബാംഗങ്ങളെയെങ്കിലും സൈന്യത്തിന്റെ ഭാഗമാക്കൂ. ഇതിനായില്ലെങ്കില്‍ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ മറ്റു വഴികളും നിരവധിയാണ്. നിങ്ങളുടെ പരിസരങ്ങൾ ശുചിത്വമുള്ളതാക്കുക, റോഡിൽ തുപ്പാതെയും പൊതു ഇടങ്ങള്‍ കക്കൂസ‌് ആക്കാതിരിക്കുക, സ‌്ത്രീകളെ അപമാനിക്കാതിരിക്കൂ–- വിജേത നാസിക്കിൽ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

വിജേതയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. നമുക്ക‌് യുദ്ധം വേണ്ടാ. യുദ്ധത്തിന്റെ അനന്തരഫലം എന്തെന്ന‌് നിങ്ങൾക്ക‌് അറിയാമോ? ഇനിയൊരു നിനാദ‌ിനെ നഷ്ടപ്പെടുത്തിക്കൂടാ. സാമൂഹിക മാധ്യമങ്ങളിലെ യോദ്ധാക്കൾ ദയവ‌് ചെയ‌്ത‌് മുറവിളി അവസാനിപ്പിക്കണം. നിങ്ങൾക്ക‌് യുദ്ധം വേണമെങ്കിൽ നിങ്ങൾ മുന്നിലേക്ക‌് കടന്നുവരൂ –- വിജേത  പറഞ്ഞു.

ബാലാകോട്ട‌് പ്രത്യാക്രമണത്തിന്റെ പിറ്റേ ദിവസമാണ‌് ജമ്മു കശ‌്മീരിലെ ബുദ്ഗാം ജില്ലയിൽ പൈലറ്റ‌് നിനാദ് മന്ദവാഗ്നേയടക്കം സഞ്ചരിച്ച വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലികോപ്റ്റർ തകർന്നുവീണത‌്. 7 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. പരിശീലനത്തിനിടെ യന്ത്രത്തകരാർ മൂലമാണ‌് ഹെലികോപ‌്റ്റർ തകർന്നതെന്നാണ‌് ഔദ്യോഗിക വിശദീകരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top