25 May Monday

പ്രദർശനപരിപാടികൾ ഉപേക്ഷിക്കണം: രാഷ്‌ട്രപതിക്ക് യെച്ചൂരിയുടെ കത്ത്

സ്വന്തം ലേഖകൻUpdated: Tuesday Apr 7, 2020

ന്യൂഡൽഹി > കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാർ പ്രദർശനപരമായ പരിപാടികൾ ഉപേക്ഷിച്ച് വ്യക്തമായ നടപടികൾ സ്വീകരിക്കാൻ അടിയന്തരമായി ഇടപടണമെന്ന് അഭ്യർഥിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തയച്ചു. ഇതിനകം രണ്ട് 'പ്രതീകാത്മക സംഭവങ്ങളി'ലൂടെ രാജ്യവും ജനങ്ങളും കടന്നുപോയി. കഴിഞ്ഞദിവസത്തെ ദീപം തെളിക്കൽ പരിപാടി പലരും പടക്കംപൊട്ടിച്ച് ആഘോഷമാക്കി. രാജ്യം വൻദുരന്തം നേരിടുമ്പോഴാണിത്.

വേണ്ടത്ര തയ്യാറെടുപ്പ് നടത്താതെയാണ് രാജ്യവ്യാപക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ഉണ്ടായ ആശയക്കുഴപ്പവും അരാജകത്വവും കോവിഡിന്റെ സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നു. ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾക്ക് നൂറുകണക്കിനു കിലോമീറ്റർ സഞ്ചരിച്ച് അവരുടെ സ്വന്തം നാടുകളിൽ എത്തേണ്ട സ്ഥിതിയായി. വിദേശങ്ങളിൽനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി. രാജ്യത്തിനകത്തെ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കാൻ പ്രത്യേക ട്രെയിനുകളോ ബസുകളോ ഏർപ്പാട് ചെയ്യേണ്ടിയിരുന്നു. അല്ലാത്തപക്ഷം ഇവർക്കായി താൽക്കാലിക താവളങ്ങൾ ഒരുക്കുകയും ആവശ്യമായ ഭക്ഷണം എത്തിക്കുകയും ചെയ്യണമായിരുന്നു.

സംസ്ഥാനസർക്കാരുകളെ കേന്ദ്രവും പ്രധാനമന്ത്രിയും വിശ്വാസത്തിൽ എടുത്തില്ല. കുടിയേറ്റതൊഴിലാളികളുടെ ഉത്തരവാദിത്തം സംസ്ഥാനസർക്കാരുകൾ ഏറ്റെടുക്കണമെന്ന് പറയുന്നത് അനീതിയാണ്. കോടിക്കണക്കിനുപേർക്ക് ജീവിതമാർഗം നഷ്ടപ്പെട്ടു. ഇവരെ പട്ടിണിയിലേക്ക് തള്ളിവിടരുത്. എഫ്സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന 7.5 ടൺ കോടി ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യണം. പല രാജ്യങ്ങളിലും തൊഴിലുടമകൾ ശമ്പളയിനത്തിൽ ചെലവിടുന്ന തുകയുടെ 80 ശതമാനം വരെ സർക്കാരുകൾ നഷ്ടപരിഹാരമായി നൽകുന്നു. ഇന്ത്യയും സമാനമായ നടപടി സ്വീകരിക്കണം.

അതിസമ്പന്നരായ കോർപറേറ്റുകളുടെ 7.78 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ ഈ കാരുണ്യം കർഷകരോട് കാണിക്കുന്നില്ല. ചികിത്സ--സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. പുതുതായി പ്രഖ്യാപിച്ച 'പിഎം കെയേഴ്സ് ഫണ്ട്' സുതാര്യമല്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയാണ് ഫണ്ട് സമാഹരണവും ചെലവിടലും നടത്തേണ്ടത്. ഇതിൽനിന്ന് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകണം.

കോവിഡിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഭരണഘടനയുടെ കാവൽക്കാരൻ എന്ന നിലയിൽ രാഷ്ട്രപതി ഇടപെടണമെന്നും സീതാറാം യെച്ചൂരി അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top