06 December Sunday

സോഷ്യലിസം പരമപ്രധാനം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Sunday May 10, 2020

ന്യൂഡൽഹി
ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ പൊതുമേഖലയിൽ ശക്തമായി നിലകൊള്ളുന്ന രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും മാത്രമാണ്‌ കോവിഡ്‌ മഹാമാരിയെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ചൈന, വിയറ്റ്‌നാം, ക്യൂബ, കൊറിയകൾ തുടങ്ങിയ രാജ്യങ്ങളിലെയും കേരളത്തിലെയും സ്ഥിതി ഇതിനു തെളിവാണ്‌.

ക്യൂബൻ ആരോഗ്യപ്രവർത്തകർ 50ൽപരം രാജ്യങ്ങളിൽ പോരാട്ടം നയിക്കുന്നു.  വിവേകശൂന്യമായ സ്വകാര്യവൽക്കരണം വൻവിപത്താണ്‌ സമ്മാനിക്കുകയെന്ന്‌ കോവിഡ്‌ അനുഭവം വ്യക്തമാക്കുന്നു–- ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച്‌ നൽകിയ അഭിമുഖത്തിൽ‌ യെച്ചൂരി പറഞ്ഞു.

കോവിഡിന്റെ മറവിൽ മോഡിസർക്കാർ രാജ്യത്തെ‌ തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങൾ കവരുന്നു‌. തൊഴിൽസമയം 12 മണിക്കൂറായി വർധിപ്പിച്ചു. തൊഴിൽനിയമങ്ങൾ റദ്ദാക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവരെ ഇപ്പോഴും അറസ്‌റ്റുചെയ്‌ത്‌ ജയിലിൽ അടയ്‌ക്കുന്നു. കോവിഡ്‌ പകരാൻ സാധ്യത കൂടുതലായതിനാൽ ജയിലുകളിൽനിന്ന്‌ ആളുകളെ വിട്ടയക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിരിക്കെയാണ്‌ ഈ നടപടി.

ഇടതുപക്ഷത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രസക്തിയും പ്രാധാന്യവും വിളംബരംചെയ്യുന്നതാണ്‌ സമകാല സംഭവവികാസങ്ങൾ. രാജ്യത്ത്‌ കർഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭവും ഐക്യവും ഉയർത്തിക്കൊണ്ടുവരുന്നത്‌ ഇടതുപക്ഷമാണ്‌. ഇത്‌ അവഗണിക്കാൻ മറ്റാർക്കും കഴിയുന്നില്ല. തൊഴിലാളികളുടെയും ജനങ്ങളുടെയും  ഉയർന്നുവരുന്ന ഐക്യത്തെ തകർക്കാനാണ്‌ ബിജെപിയും ആർഎസ്‌എസും വർഗീയത വളർത്തുന്നത്‌. ഫാസിസ്‌റ്റ്‌ ഹിന്ദുത്വരാജ്യം സൃഷ്ടിക്കാനുള്ള ആർഎസ്‌എസ്‌ പദ്ധതിക്ക്‌ കളമൊരുക്കുകയാണ്‌ ബിജെപി സർക്കാർ. ഈ ശ്രമം ചെറുത്തുപരാജയപ്പെടുത്താൻ ഫാസിസ്‌റ്റ്‌ വിരുദ്ധപോരാട്ടത്തിന്റെ ചരിത്രാനുഭവങ്ങൾ കരുത്തുപകരുമെന്ന്‌ യെച്ചൂരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top