26 May Sunday

റിലയൻസിന‌് നികുതിയിളവ‌്: ദസോൾട്ടിനെ സഹായിച്ചതിനുള്ള പ്രതിഫലം

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019

ന്യൂഡൽഹി> അനിൽ അംബാനിയുടെ റിലയൻസ‌് ഗ്രൂപ്പിന‌് വൻനികുതി ഇളവ‌് അനുവദിക്കാൻ ഫ്രാൻസ‌് തയ്യാറായത‌് ഏതുവിധേനയും റഫേൽ കരാർ ഉറപ്പിക്കുന്നതിന‌് വേണ്ടിയെന്ന‌് സൂചന.റഫേൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കളായ ദസോൾട്ട‌് കമ്പനിയുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ‌് അനിൽ അംബാനിയുടെ ഗ്രൂപ്പിന‌് വലിയ നികുതി ഇളവ‌് അനുവദിക്കാൻ ഫ്രഞ്ച‌് സർക്കാർ തയ്യാറായത‌്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തി‌ന‌് ശേഷമുള്ള കാലയളവിൽ പല ആഗോള കോർപ്പറേറ്റുകളെയും പോലെ ദസോൾട്ടും കടുത്ത പ്രതിസന്ധിയെയാണ‌് അഭിമുഖീകരിച്ചത‌്. പ്രതിരോധ ആവശ്യങ്ങൾക്കും സിവിൽ ആവശ്യങ്ങൾക്കുമുള്ള വിമാനങ്ങളുടെ  വിൽപ്പനയിൽ വന്ന ഗണ്യമായ ഇടിവാണ‌് ദസോൾട്ടിന‌് ഭീഷണിയായത‌്. വിമാനനിർമ്മാണ രംഗത്തെ കടുത്ത മൽസരവും തിരിച്ചടിയായി.

പ്രതിരോധ മേഖലയിൽ നിന്നുള്ള ദസോൾട്ടിന്റെ 2016 വർഷത്തിലെ വരുമാനം 1356 ദശലക്ഷം ഡോളറായിരുന്നത‌് 2017ൽ 2124 ദശലക്ഷം ഡോളറായി ഉയർന്നു. 57 ശതമാനത്തിന്റെ വർധനവാണ‌് 2017ൽ ദസോൾട്ടിന്റെ വരുമാനത്തിലുണ്ടായത‌്. 58,000 കോടി രൂപയ‌്ക്ക‌് 36 റഫേൽ വിമാനങ്ങൾ വാങ്ങുന്നതിന‌് ഇന്ത്യയുമായി ഒപ്പുവെച്ച കരാറാണ‌് സാമ്പത്തികമായി വലിയ കുതിച്ചുചാട്ടത്തിന‌് ദസോൾട്ടിന‌് സഹായകമായത‌്. 2016ൽ കരാറിൽ ഒപ്പുവെച്ചതിന‌് പിന്നാലെ തന്നെ ഇരുപതിനായിരം കോടി രൂപ മോഡി സർക്കാർ ദസോൾട്ടിന‌് മുൻകൂറായി നൽകി. ഈ മുൻകൂർ സഹായമാണ‌് ദസോൾട്ടിന്റെ ബാലൻസ‌് ഷീറ്റിൽ അക്കങ്ങൾ പെരുകുന്നതിന‌് വഴിയൊരുക്കിയത‌്.

ഉയർന്ന വിലയ‌്ക്ക‌് റഫേൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള മോഡി സർക്കാരിന്റെ തീരുമാനം മറ്റുതരത്തിലും ദസോൾട്ടിനും ഫ്രാൻസിനും ഗുണം ചെയ‌്തു. ഈജിപ‌്തും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക‌് പിന്നാലെ റഫേൽ വിമാനങ്ങൾ വാങ്ങുന്നതിന‌് സന്നദ്ധത അറിയിച്ച‌് മുന്നോട്ടുവന്നു. കടുത്ത മൽസരം നടക്കുന്ന യുദ്ധവിമാന നിർമ്മാണരംഗത്ത‌് എതിരാളികളെ പിന്നിലാക്കാൻ ഈ കരാറുകളെല്ലാം ദസോൾട്ടിന‌് സഹായകമായി. തങ്ങളുടെ രാജ്യത്തെ ഒരു വൻകോർപ്പറേറ്റിന‌് പെട്ടെന്ന‌് ലഭിച്ച ബിസിനസ‌് നേട്ടത്തിൽ ഫ്രഞ്ച‌് സർക്കാരും സന്തുഷ്ടരായി. ഇതിന്റെയെല്ലാം പ്രതിഫലമെന്ന നിലയിലാണ‌് അനിൽ അംബാനിയുടെ ഗ്രൂപ്പിന‌് വലിയ നികുതി ഇളവ‌് ഒരുക്കികൊടുത്തത‌്. റഫേൽ കരാർ പ്രഖ്യാപിക്കപ്പെട്ട‌്  ആറുമാസത്തിനുള്ളിലാണ‌് റിലയൻസിന‌് 1000 കോടിയോളം രൂപയുടെ നേട്ടം ലഭിച്ച നികുതിയിളവ‌് തീരുമാനം.


പ്രധാന വാർത്തകൾ
 Top