20 November Wednesday

ഡല്‍ഹിയിലേക്ക് പോകാന്‍ തരിഗാമിക്ക് അനുമതി ലഭിക്കാത്തത് കശ്മീര്‍ സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍: യെച്ചൂരി

സ്വന്തം ലേഖകന്‍Updated: Friday Oct 4, 2019

ന്യൂഡല്‍ഹി>  ജമ്മു-കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനില കൈവരിച്ചിട്ടില്ലെന്നാണ് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍  ഡല്‍ഹിയിലേക്ക് പോകാന്‍ മുഹമ്മദ് യൂസഫ് തരിഗാമിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചത് വ്യക്തമാക്കുന്നതെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

തരിഗാമി തടവിലല്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഇപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ തരിഗാമിക്ക് യാത്രാനുമതി നിഷേധിച്ചു. അദ്ദേഹത്തിന്റെ പേരില്‍ കേസൊന്നും എടുത്തിട്ടുമില്ല. താഴ്വരയില്‍ സാധാരണസ്ഥിതി തിരിച്ചുവന്നുവെന്ന സര്‍ക്കാര്‍ അവകാശവാദം വസ്തുതവിരുദ്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു--യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
     

കശ്മീരില്‍ അടിച്ചമര്‍ത്തല്‍ തുടരുന്നു. പൊതുഗതാഗത സംവിധാനം നിശ്ചലമാണ്. സ്‌കൂളുകള്‍ അടക്കം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നു. സുപ്രീംകോടതി നവംബര്‍ 14നാണ് ഇനി കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക. അപ്പോഴേയ്ക്കും ഇത്തരത്തില്‍ മൂന്നരമാസം പിന്നിട്ടിട്ടുണ്ടായിരിക്കും. ഇതിനിടെയാണ് ജമ്മു--കശ്മീരില്‍ ബ്ലോക്ക് വികസന കൗണ്‍സില്‍ നടത്താനുള്ള തീരുമാനം.

 ഗ്രാമപഞ്ചായത്ത് തലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 61 ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യവും വാര്‍ത്താവിനിമയസംവിധാനങ്ങളും പൗരാവകാശങ്ങളും പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പ് നടത്തുന്നത്  അസംബന്ധമാണെന്ന്  യെച്ചൂരി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top