19 October Saturday
സർക്കാർ നടപടി ഭരണഘടനാതത്വങ്ങളുടെ ലംഘനമെന്ന്‌ ചൂണ്ടിക്കാട്ടും

കശ്‌മീർ: സിപിഐ എം സുപ്രീംകോടതിയിലേക്ക്‌ ; തരിഗാമി ഹർജി നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


ന്യൂഡൽഹി
ജമ്മുകശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതിനെതിരെ സിപിഐ എം സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.  കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌ ഹർജി നൽകുക. സർക്കാർ നടപടി ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാകും ഹർജിയെന്ന്‌ തരിഗാമിയുമൊത്തുള്ള വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതുമെല്ലാം ഭരണഘടനാ വിരുദ്ധമായാണ്‌. ഒരു സംസ്ഥാനത്തിന്റെ അതിർത്തി പുനർനിർണയിക്കുമ്പോൾ ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്‌. ജമ്മു–-കശ്‌മീരിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. ഇത്‌  കോടതിയിൽ ചോദ്യംചെയ്യപ്പെടേണ്ടതാണ്‌. തരിഗാമിക്ക്‌ എയിംസിൽ ചികിൽസ ലഭ്യമാക്കുന്നതിന്‌ അവസരമൊരുക്കിയ സുപ്രീംകോടതിക്കും കേസിൽ ഇടപെട്ട അഭിഭാഷകർക്കും യെച്ചൂരി നന്ദി അറിയിച്ചു.

കേന്ദ്ര നടപടിയിലൂടെ കശ്‌മീരികളുടെ ജീവിതം വഴിമുട്ടി. നാൽപ്പത്‌ ദിവസമായി താഴ്‌വര പൂർണമായും സ്‌തംഭിച്ചു. ആളുകൾക്ക്‌ ജോലിക്കുപോലും പോകാനാകുന്നില്ല. വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാതെ ആളുകൾ നരകിക്കുകയാണ്‌. ഇപ്പോഴും താഴ്‌വരയിലെ സിപിഐ എം നേതാക്കളുമായി ഫോണിൽ ബന്ധപ്പെടാനാവുന്നില്ല. പൊതുഗതാഗതം സ്‌തംഭിച്ചു. ഭക്ഷ്യവസ്‌തുക്കൾക്കും മരുന്നുകൾക്കുമെല്ലാം ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.

തരിഗാമി 24 വർഷം നിയമസഭാംഗമായിരുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന കുൽഗാം മണ്ഡലം ഏറ്റവുമധികം തീവ്രവാദ ശല്യമുള്ള മേഖലയാണ്‌. അദ്ദേഹത്തിനു നേരെയും കുടുംബാംഗങ്ങൾക്കു നേരെയും പലവട്ടം തീവ്രവാദികളുടെ ആക്രമണമുണ്ടായി. തീവ്രവാദത്തിനെതിരായ സിപിഐ എം പോരാട്ടം ഒരു വിട്ടുവീഴ്‌ചയും സാധ്യമാകാത്തവിധം ദൃഢമാണ്‌. തരിഗാമി തുടർച്ചയായി തെരഞ്ഞെടുക്കപ്പെടാൻ കാരണവും തീവ്രവാദ വിരുദ്ധ നിലപാടാണ്‌. ഫാറൂഖും ഒമറുമൊക്കെ ജമ്മു–-കശ്‌മീർ ഇന്ത്യയുമായി ചേർന്നുനിൽക്കണമെന്ന്‌ ഏറ്റവുമധികം താൽപ്പര്യപ്പെടുന്ന നേതാക്കളാണ്‌. എന്നാൽ, അവരിന്ന്‌ തടങ്കലിലാണ്‌. ഫാറൂഖിനെ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹേബിയസ്‌ ഹർജി കോടതി മുമ്പാകെ എത്തിയപ്പോഴാണ്‌ അദ്ദേഹത്തിനുമേൽ പ്രത്യേക സുരക്ഷാനിയമം ചുമത്തിയത്‌. യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top