26 June Wednesday

ലക്ഷ്യം മതനിരപേക്ഷ സർക്കാർ: തെരഞ്ഞെടുപ്പിനുമുമ്പ‌് മഹാസഖ്യ സാധ്യതയില്ല : യെച്ചൂരി

സ്വന്തം ലേഖകൻUpdated: Sunday Feb 10, 2019


ന്യൂഡൽഹി
ബിജെപിസഖ്യത്തെ പരാജയപ്പെടുത്തി കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ‌് തന്ത്രമാണ‌് സിപിഐ എം  കൈക്കൊള്ളുകയെന്ന‌് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും  അംഗബലം  ലോക‌്സഭയിൽ വർധിപ്പിക്കാൻ ആവശ്യമായ നിലപാടെടുക്കും. പശ്ചിമബംഗാളിൽ ഇടതുമുന്നണി എന്ന നിലയിൽത്തന്നെ മത്സരിക്കും. രണ്ട‌് ദിവസം ഡൽഹിയിൽ ചേർന്ന പാർടി പൊളിറ്റ‌്ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

തെരഞ്ഞെടുപ്പിനുമുമ്പ‌് മഹാസഖ്യ സാധ്യതയില്ല
ഭരണവർഗ പാർടികളുമായി രാഷ്ട്രീയസഖ്യം രൂപീകരിക്കില്ല എന്നത‌് സിപിഐ എം പാർടി കോൺഗ്രസ‌് അംഗീകരിച്ച നയമാണ‌്. തെരഞ്ഞെടുപ്പിനുമുമ്പ‌് അഖിലേന്ത്യാടിസ്ഥാനത്തിൽ മുന്നണിക്കോ മഹാസഖ്യത്തിനോ സാധ്യതയില്ല. രാജ്യത്തിന്റെ  വൈവിധ്യം പരിഗണിക്കുമ്പോൾ സംസ്ഥാനതലത്തിലുള്ള മുന്നണികളും തെരഞ്ഞെടുപ്പ‌് ധാരണക‌ളുമാണ‌് പ്രായോഗികം.  ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി  ഏകോപിപ്പിക്കുകയാണ‌് ലക്ഷ്യം. ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സംവിധാനമുണ്ടാകും. 1996,1998, 2004 വർഷങ്ങളിൽ സർക്കാർ വന്നത‌്  തെരഞ്ഞെടുപ്പുഫലം വന്നശേഷം രൂപീകരിച്ച മുന്നണികളുടെ അടിസ്ഥാനത്തിലാണ‌്.

സ്ഥാനാർഥിനിർണയത്തിൽ മാനദണ്ഡം ജയസാധ്യത
ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ എം സ്ഥാനാർഥിനിർണയത്തിൽ പ്രധാന മാനദണ്ഡം ജയസാധ്യത തന്നെയായിരിക്കും. രാജ്യസഭയുടെ കാര്യത്തിൽ സ്വീകരിക്കുന്നതുപോലെ രണ്ട‌് തവണയിൽ കൂടുതൽ മത്സരിപ്പിക്കില്ലെന്ന കർശനവ്യവസ്ഥ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. പാർടി കീഴ‌്ഘടകങ്ങളുടെ അടക്കം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കും. എത്ര സീറ്റിൽ മത്സരിക്കും, പ്രകടനപത്രിക തുടങ്ങിയവക്ക‌് മാർച്ച‌് മൂന്നിനും നാലിനും ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം അന്തിമരൂപം നൽകും.

എൻഎസ‌്എ ചുമത്തുന്നത‌് വർഗീയ പ്രീണനം
പശുവിനെ കൊന്നുവെന്ന  ആരോപണത്തിന്റെപേരിൽ അഞ്ചുപേർക്കെതിരെ ദേശസുരക്ഷാനിയമം(എൻഎസ‌്എ) ചുമത്തിയ മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാരിന്റെ നടപടിയെ പൊളിറ്റ‌്ബ്യൂറോ  അപലപിച്ചു.മുംബൈ ഭീകരാക്രമണത്തെ തുടർന്ന‌് ദേശവിരുദ്ധരായ ഭീകരരെ നേരിടാനായി കൊണ്ടുവന്ന നിയമമാണ‌് എൻഎസ‌്എ. പശുവിനെ കൊന്നതിന്റെപേരിൽ എൻഎസ‌്എ ചുമത്തുന്നത‌് വർഗീയവാദികളെ പ്രീണിപ്പിക്കാനാണ‌്. മധ്യപ്രദേശ‌് സർക്കാരിന്റെ ഈ തീരുമാനം ഉടൻ പിൻവലിക്കണം.

19 ൻെറ ഡൽഹി മാർച്ചിന‌് പിന്തുണ
കേന്ദ്ര സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണകേന്ദ്രങ്ങൾക്കുംനേരെ നടത്തുന്ന ആക്രമണം ആശങ്കാജനകമാണ‌്. ഫണ്ടുകൾ വെട്ടിക്കുറയ‌്ക്കുക, സ്വയംഭരണാവകാശവും സാമൂഹികനീതി തത്വങ്ങളും അട്ടിമറിക്കുക, വസ‌്തുനിഷ‌്ഠമായ ശാസ‌്ത്രവും ചരിത്രവും പഠിപ്പിക്കുന്നതിനുപകരം വർഗീയധ്രുവീകരണം വളർത്തുംവിധം കെട്ടുകഥകൾക്ക‌് പ്രോത്സാഹനം നൽകുക എന്നീ നയങ്ങളാണ‌് ബിജെപി സർക്കാർ സ്വീകരിക്കുന്നത‌്. ഇതിനെതിരെ അധ്യാപകരും വിദ്യാർഥികളും അധ്യാപകേതര ജീവനക്കാരും  19ന‌് ഡൽഹിയിൽ നടത്തുന്ന മാർച്ചിന‌് പിബി പിന്തുണ പ്രഖ്യാപിച്ചു.

തൊഴിലില്ലായ‌്മ:പോരാട്ടം ശക‌്തമാക്കുക
പ്രതിവർഷം രണ്ട‌് കോടി വീതം തൊഴിലവസരം  വാഗ‌്ദാനം ചെയ‌്താണ‌് ബിജെപി അധികാരത്തിൽ വന്നത‌്. പക്ഷേ, 2017–-18ൽ രാജ്യത്തെ തൊഴിലില്ലാ‌യ‌്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമീണമേഖലയിൽ യുവാക്കൾക്കിടയിലെ (15–-29) തൊഴിലില്ലായ‌്മ 2011–-12ൽ അഞ്ച‌് ശതമാനമായിരുന്നത‌് 2017–-18ൽ 17.4 ശതമാനമായി. സ‌്ത്രീകൾക്കിടയിൽ ഈ നിരക്ക‌് 4.8ൽനിന്ന‌് 13.6 ശതമാനമായി.  തൊഴിലില്ലായ‌്മ രൂക്ഷമാക്കുന്ന മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാൻ  പാർടിയുടെ എല്ലാ ഘടകങ്ങളോടും യുവജനങ്ങളോടും പിബി ആഹ്വാനം ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top