17 January Sunday
ട്രെയിൻ ഉയര്‍ന്ന നിരക്ക്‌ ജനവിരുദ്ധം

കേന്ദ്രം ചെയ്യേണ്ടതല്ല ചെയ്യുന്നത്‌ ; കേരളത്തിനു കഴിയുന്നത്‌ ഇന്ത്യക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല

സ്വന്തം ലേഖകൻUpdated: Wednesday May 13, 2020


ന്യൂഡൽഹി
കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ ശ്രദ്ധയും മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രീകരിക്കേണ്ട സമയമാണിത്‌. എന്നാൽ, ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്‌ മറ്റ്‌ അജൻഡകളോടെയാണെന്നും- യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു. കോർപറേറ്റുകൾക്ക്‌ കർഷകരുടെ ഭൂമി നേരിട്ട്‌ വാങ്ങാൻ അനുമതി നൽകി. കിട്ടിയ അവസരം പരമാവധി ഉപയോഗിക്കണമെന്നാണ്‌ കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നത്‌. സംസ്ഥാനങ്ങൾക്ക്‌ അർഹമായ സഹായം  നിഷേധിക്കുന്നു. കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കുന്നവ നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ ജയിലിലടച്ചു. പ്രതിഷേധിക്കുന്നവരുടെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തുന്നു.

തൊഴിലാളികളെ പിരിച്ചുവിടുകയും വേതനം വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്ന കോർപറേറ്റുകൾ പിഎം കെയർ ഫണ്ടിലേക്ക്‌ കോടിക്കണക്കിനു രൂപ നൽകുന്നു. ആലോചനയോ ആസൂത്രണമോ ഇല്ലാതെയാണ്‌ കേന്ദ്രത്തിന്റെ നടപടികൾ. അതിഥിത്തൊഴിലാളികൾക്ക്‌ നാട്ടിലേക്ക്‌ മടങ്ങാൻ നാലു ദിവസം നൽകിയശേഷം അടച്ചുപൂട്ടൽ നടപ്പാക്കിയെങ്കിൽ ഇത്ര ദാരുണസ്ഥിതി ഉണ്ടാകില്ല. ലക്ഷക്കണക്കിനു തൊഴിലാളികൾ ആയിരക്കണക്കിനു കിലോമീറ്റർ നടക്കുകയാണ്‌. ഒറ്റ തൊഴിലാളിപോലും തെരുവിൽ  ഇല്ലെന്ന്‌ കേന്ദ്രം മാർച്ച്‌ 31ന്‌ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. തെരുവിലായ തൊഴിലാളികളെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ല.

അടച്ചുപൂട്ടൽ പ്രഖ്യാപിച്ച ദിവസം രോ​ഗികളുടെ എണ്ണം 566ഉം മരണം പത്തും ആയിരുന്നു. 49–-ാം ദിവസം രോ​ഗികള്‍ 70,766 ആയി. മരണം 2293 ഉം.  അടച്ചുപൂട്ടൽ പരാജയമായോ എന്ന്‌ സമ്മതിക്കേണ്ടത്‌ പ്രധാനമന്ത്രിയാണ്‌.

ഇന്ത്യ കോവിഡ്‌ കൈകാര്യംചെയ്‌ത രീതിയെ ലോകമാകെ അംഗീകരിച്ചെന്നാണ്‌ പ്രധാനമന്ത്രിയുടെ അവകാശവാദം. ലോകം അംഗീകരിച്ചത്‌ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തെയാണ്‌. വിശ്വാസ്യതയുള്ള 35 രാജ്യാന്തര മാധ്യമങ്ങൾ കേരളത്തിന്റെ നടപടികളെ വിശകലനംചെയ്‌തു. കേരളത്തിന്‌ കഴിയുന്നത്‌ ഇന്ത്യക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ലെന്നാണ്‌ ചിന്തിക്കേണ്ടത്–-യെച്ചൂരി പറഞ്ഞു.

ട്രെയിൻ ഉയര്‍ന്ന നിരക്ക്‌ ജനവിരുദ്ധം
രോ​ഗഭീതിയില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലെത്താൻ ഉയര്‍ന്ന നിരക്കില്‍ എസി ട്രെയിനുകൾമാത്രം ഓടിക്കാനുള്ള കേന്ദ്രതീരുമാനം ജനവിരുദ്ധമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദരിദ്രരും സാധാരണക്കാരും ഏറ്റവും അധികം ആശ്രയിക്കുന്നതാണ്‌ ട്രെയിൻ സർവീസ്‌. ഏറ്റവും ഗുരുതരമായ ആരോഗ്യ–-സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും ശരാശരി ഇന്ത്യക്കാരോട്‌ മോഡി സർക്കാർ പുലർത്തുന്ന അനുകമ്പയില്ലായ്‌മയും അവഗണനയും വ്യക്തമാക്കുന്നതാണിതെന്ന്‌ യെച്ചൂരി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.


തൊഴിൽനിയമം റദ്ദാക്കൽ ഇന്ന്‌ പ്രതിഷേധം
തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നതിൽ പ്രതിഷേധിച്ച്‌ എട്ട്‌ രാഷ്ട്രീയ പാർടികളുടെ നേതാക്കൾ ബുധനാഴ്‌ച ഡൽഹിയിൽ പ്രതിഷേധിക്കും. പകൽ 12ന്‌ എ കെ ജി ഭവൻ പരിസരത്താണ്‌ പ്രതിഷേധം. സിപിഐ എം, സിപിഐ,  സിപിഐ എംഎൽ–- ലിബറേഷൻ, എഐഎഫ്‌ബി, ആർഎസ്‌പി, ആർജെഡി, എൽജെപി, വിസികെ എന്നീ പാർടികളുടെ ആഭിമുഖ്യത്തിലാണ്‌ പ്രതിഷേധം. നിയമങ്ങൾ റദ്ദാക്കുന്നതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക്‌ സംയുക്തമായി കത്ത്‌ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top