29 February Saturday

മുംബൈ ഇനി കണ്ണടക്കില്ല; സ്ഥാപനങ്ങൾ 24 മണിക്കൂറും തുറന്ന്‌ പ്രവർത്തിക്കാനനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

മുംബൈ> മുംബൈ മഹാനഗരത്തിന്‌ ഇനി രാപ്പകൽ ഭേദമില്ല. ഹോട്ടലുകളും സിനിമാശാലകളും ഷോപ്പിങ്‌മാളുകളും വ്യവസായശാലകളും 24 മണിക്കൂറും പ്രവർത്തിക്കും.  സ്ഥാപനങ്ങൾ 24 മണിക്കൂറും തുറന്ന്‌ പ്രവർത്തിക്കാനനുമതി നൽകുന്ന നയത്തിന്‌ മഹാരാഷ്ട്ര മന്ത്രിസഭ അനുമതി നൽകി.  ഇത്‌ 27 മുതൽ നടപ്പിലാവും.

ആദ്യഘട്ടത്തിൽ കടകൾ,  മാളുകളിലെ ഹോട്ടലുകൾ, തിയറ്ററുകൾ ജനവാസകേന്ദ്രങ്ങൾക്ക്‌ പുറത്തുള്ള മില്ലുകൾ എന്നിവയ്‌ക്കാണ്‌ അനുമതി. എന്നാൽ ബാറുകളും പബ്ബുകളും നിലവിലുള്ളതുപോലെ രാത്രി 1.30ന്‌ അടയ്‌ക്കും.

ലണ്ടനിൽ രാത്രി വ്യാപാരം വഴിയുള്ള വരുമാനം ഏതാണ്ട്‌ 46,000കോടി ഇന്ത്യൻ രൂപയ്‌ക്ക്‌ സമാനമാണ്‌. ഇതിനുസമാനമായി മഹാരാഷ്‌ട്രയ്‌ക്കും വരുമാനം വർധിപ്പിക്കാനും കൂടുതൽപേർക്ക്‌ തൊഴിലവസരങ്ങൾ  നൽകാനും സാധിക്കുമെന്ന്‌ മന്ത്രിസഭാ തീരുമാനം വിശദീകരിച്ച്‌ ടൂറിസം മന്ത്രി ആദിത്യതാക്കറെ പറഞ്ഞു. 

 ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്ന്‌ തീരുമാനത്തിനെതിരായ ബിജെപി വിമർശനത്തിന്‌ മറുപടിയായി ആദിത്യ താക്കറെ പറഞ്ഞു. ബിജെപി യുവാക്കളുടെ താൽപ്പര്യങ്ങൾക്ക്‌ എതിരാണ്‌. വിദ്യാർഥികളെ കൈകാര്യംചെയ്‌തതിലൂടെ അവരത്‌ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും  ജെഎൻയു, ജാമിയ മിലിയ  സംഭവങ്ങളെ പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top