13 December Friday

‘കോൺഗ്രസ് നേതാക്കൾക്ക്‌ 
തീരുമാനമെടുക്കാൻ ശേഷിയില്ല’ ; സീറ്റ്‌ വിഭജനത്തിൽ പൊട്ടിത്തെറിച്ച്‌ ശിവസേന

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024

സഞ്ജയ്‌ റാവത്ത്‌


ന്യൂഡൽഹി
ഹരിയാനയിലെ പരാജയത്തിൽനിന്ന്‌ പാഠം പഠിക്കാതെ മഹാരാഷ്‌ട്രയിലെ കോൺഗ്രസ്‌ നേതൃത്വം. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാനും മഹാവികാസ്‌ അഘാഡിയിലെ ഘടകകക്ഷികളെ വിശ്വാസത്തലെടുക്കാനും കോൺഗ്രസ്‌ തയ്യാറല്ല. ഭരണസഖ്യത്തെ പുറന്തള്ളാനുള്ള അവസരം കോൺഗ്രസ്‌  കളഞ്ഞുകുളിക്കുകയാണെന്ന വിമർശനമാണ്‌ ഘടകകക്ഷികൾക്ക്‌. 

മഹാവികാസ്‌ അഘാഡിയുടെ സീറ്റ്‌ വിഭജന ചർച്ചകൾ പൂർത്തിയാക്കുന്നതിൽ കോൺഗ്രസിന്‌ മെല്ലെപ്പോക്കാണെന്ന്‌ ശിവസേന(യുബിടി) ആഞ്ഞടിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ തീരുമാനമെടുക്കാൻ ശേഷിയില്ല. തർക്കമുണ്ടാകുമ്പോൾ പട്ടിക ഡൽഹിക്ക്‌ തുടരെ അയക്കുന്നുവെന്നും സേന നേതാവ്‌ സഞ്ജയ്‌ റാവത്ത്‌ തുറന്നടിച്ചു. 260 സീറ്റിൽ സമവായമായെന്ന്‌ പിസിസി അധ്യക്ഷൻ നാനാപടോളെ പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകമാണ്‌ ശിവസേനയുടെ വിമർശം.

പടോളയുമായി ചർച്ച നടത്തേണ്ടന്ന്‌ ശിവസേന തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്‌. ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെകണ്ട്‌ സീറ്റ്‌ വിഷയം ഉന്നയിക്കുമെന്നും റാവത്ത്‌ വ്യക്തമാക്കി. 288 സീറ്റിൽ 100-–-115 സീറ്റുകൾക്കായാണ്‌ കോൺഗ്രസ്‌ സമ്മർദം. 85 സീറ്റുകൾ വീതമാണ്‌ ശിവസേന (യുബിടി), എൻസിപി (ശരദ്‌പവാർ) പാർടികൾ ലക്ഷ്യമിടുന്നത്‌. സിപിഐ എം അടക്കമുള്ള മറ്റ്‌ പാർടികളുമായും മഹാവികാസ്‌ അഘാഡി ചർച്ച നടത്തേണ്ടതുണ്ട്‌.

അതിനിടെ, ബിജെപിയെ തള്ളി ഏക്‌നാഥ്‌ ഷിൻഡെയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ ശിവസേനയും നീക്കം ശക്തമാക്കി. വ്യാഴാഴ്‌ച ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത്‌ ഷിൻഡെ വിളിച്ചുചേർത്ത യോഗത്തിലാണ്‌ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന ബിജെപി പ്രഖ്യാപനമാണ്‌ അട്ടിമറിച്ചത്‌.  107 സീറ്റ്‌ വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്‌. സഖ്യം വേണമെങ്കിൽ ത്യാഗം സഹിക്കണമെന്ന്‌ ബിജെപി പരസ്യമായി പ്രതികരിച്ചിരുന്നു. 60 സീറ്റിനുവേണ്ടി  എൻസിപി അജിത്‌ പവാർ പക്ഷവും രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top