19 November Tuesday
നിയമസഭയുടെ കാലാവധി ശനിയാഴ്‌ച തീരും, ശിവസേനയെ പിളർത്താൻ ബിജെപി

മഹാരാഷ്ട്ര ഭരണപ്രതിസന്ധിയിലേക്ക്‌ ; ശിവസേന എംഎല്‍എമാർ റിസോർട്ടിൽ ; വാക്ക്‌ പാലിക്കണമെന്ന്‌ ഉദ്ധവ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ന്യൂഡൽഹി

സർക്കാർ രൂപീകരണ സമയപരിധി തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ മഹാരാഷ്ട്ര ഭരണപ്രതിസന്ധിയിലേക്ക്‌. മുഖ്യമന്ത്രിപദം പങ്കിടണമെന്ന ആവശ്യം നിരാകരിച്ച ബിജെപി, ശിവസേനയെ പിളര്‍ത്താനുള്ള നീക്കത്തില്‍. ചാക്കിട്ടുപിടുത്തം ഭയന്ന് ശിവസേന എംഎല്‍എമാരെ  ബാന്ദ്രയിലെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റി. രാഷ്ട്രപതിഭരണം അടിച്ചേൽപ്പിക്കാനാണ്‌ ബിജെപി ശ്രമമെന്ന്‌ ശിവസേനാവക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ എംപി തുറന്നടിച്ചു.

ഏതു തീരുമാനവുമെടുക്കാന്‍ അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയെ ശിവസേന നിയമസഭാകക്ഷിയോഗം ചുമതലപ്പെടുത്തി. ബിജെപി നേതാക്കൾ ഗവർണറെ സന്ദർശിച്ചെങ്കിലും സർക്കാർ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല.  ഒത്തുതീർപ്പ്‌ മുഖ്യമന്ത്രിയാകാനില്ലെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.

നിയമസഭയുടെ കാലാവധി  അവസാനിക്കുന്ന ശനിയാഴ്‌ചയ്‌ക്കകം പുതിയ മന്ത്രിസഭ  അധികാരമേറ്റില്ലെങ്കിൽ  രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാം. സർക്കാർ രൂപീകരണം എങ്ങുമെത്താത്തതിനാൽ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി അഡ്വക്കറ്റ്‌ ജനറൽ അശുതോഷ് കുംഭകോണിയോട്‌ നിയമോപദേശം തേടി. ​ഗവര്‍ണറെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ രൂപീകരണത്തിന്റെ നിയമവശം ചര്‍ച്ചചെയ്യാനാണെന്ന് ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത്‌ പാട്ടീൽ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കോൺഗ്രസ്‌ നേതാവ്‌ അഹമ്മദ്‌പട്ടേലുമായും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതുമായും കൂടിക്കാഴ്‌ച നടത്തിയത്‌ അഭ്യൂഹം പരത്തി. ശിവസേനാനേതാക്കളുമായി അടുത്തബന്ധമുള്ള ഗഡ്‌കരി തർക്കംതീർക്കാൻ മുഖ്യമന്ത്രിയാകുമെന്നാണ് പ്രചാരണം. എന്നാൽ, താൻ ഡൽഹിയിൽ തുടരുമെന്നും മഹാരാഷ്ട്രയിൽ കക്ഷിനേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഗഡ്‌കരി പ്രതികരിച്ചു.

വാക്ക്‌ പാലിക്കണമെന്ന്‌ ഉദ്ധവ്‌
മുഖ്യമന്ത്രിസ്ഥാനമടക്കം പങ്കിടുമെന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ബിജെപി വാക്ക്‌ നൽകിയതാണെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറെ. അത്‌ നടപ്പാക്കണമെന്നുമാത്രമാണ്‌ ആവശ്യപ്പെടുന്നത്‌. നിയമസഭാകക്ഷിയോ​ഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ബാന്ദ്രയിൽ താക്കറേയുടെ വസതിയായ മാതോശ്രീയിലായിരുന്നു യോഗം.

വലിയ കക്ഷിയെ ക്ഷണിക്കാം
സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയെ ഗവർണർക്ക്‌ ക്ഷണിക്കാമെന്ന്‌ ഭരണഘടനാവിദഗ്‌ധർ പറയുന്നു. 105 അംഗങ്ങളുള്ള ബിജെപിയാണ്‌ ഏറ്റവും വലിയ കക്ഷി. ശിവസേന–-56, എൻസിപി–-54, കോൺഗ്രസ്‌–-44 എന്നിങ്ങനെയാണ്‌ കക്ഷിനില.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top