21 November Thursday

ശിവസേന- ബിജെപി തര്‍ക്കം തീര്‍ന്നില്ല, അധികാരം പങ്കിടും

സ്വന്തം ലേഖകൻUpdated: Thursday Nov 7, 2019

ന്യൂഡൽഹി >  മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചില്ലെങ്കിലും അധികാരത്തില്‍ തുടരാന്‍ മഹാരാഷ്ട്രയിൽ ബിജെപിയും -ശിവസേനയും വീണ്ടും  കൈകോര്‍ക്കുന്നു. ബിജെപി നേതാക്കള്‍ വ്യാഴാഴ്‌ച ഗവർണറെ കണ്ട് പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിപദമടക്കം അധികാരം പപ്പാതി പങ്കിടണമെന്ന ആവശ്യത്തില്‍നിന്ന്‌ ശിവസേന ഇതുവരെ പിന്നോക്കം പോയിട്ടില്ല. നിലവിലുള്ള നിയമസഭയുടെ കാലാവധി ശനിയാഴ്‌ച തീരും. അതിനകം സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലാകും.

ബുധനാഴ്‌ച കാർഷികപ്രതിസന്ധി ചർച്ചചെയ്യാൻ കാവൽമുഖ്യമന്ത്രി ഫട്‌നാവിസ്‌ വിളിച്ച യോഗത്തിൽ ശിവസേനയുടെ അഞ്ച്‌ മന്ത്രിമാർ പങ്കെടുത്തു.  മന്ത്രിസഭാ രൂപീകരണവും ചർച്ചയായി. ഏതുസമയത്തും ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന്‌ ധനമന്ത്രിയും ബിജെപി നേതാവുമായ സുധീർ മുംഗത്‌വർ പറഞ്ഞു.

ഇതിനിടെ, ശിവസേന എംപിയും പാർടി വക്താവുമായ സഞ്‌ജയ്‌ റാവത്ത്‌ എൻസിപി അധ്യക്ഷനെ സന്ദർശിച്ചത്‌ അഭ്യൂഹങ്ങൾക്ക്‌ ഇടയാക്കി. ഭരണപപ്പാതി പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേനക്ക് ബിജെപിയില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് റാവത്ത്‌ പ്രതികരിച്ചു. എന്നാല്‍, പ്രതിപക്ഷത്തിരിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ്‌പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധിയിലേക്ക്‌ തള്ളിവിടാതെ ബിജെപിയും ശിവസേനയും സർക്കാർ രൂപീകരിക്കണമെന്നും പവാർ പറഞ്ഞു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കോൺഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേലിലുമായി കൂടിക്കാഴ്ച നടത്തിയതും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മഹാരാഷ്ട്രയെക്കുറിച്ച്‌ ഒന്നും  സംസാരിച്ചില്ലെന്ന്‌ പട്ടേൽ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top