31 March Tuesday

കലാപത്തിൽ ‘പ്രേതനഗര’മായി ശിവ്‌വിഹാർ

എം പ്രശാന്ത‌്Updated: Saturday Feb 29, 2020

ന്യൂഡൽഹി > രണ്ടുദിവസം നീണ്ടുനിന്ന സംഘർഷത്തിലമർന്ന ശിവ്‌വിഹാർ അപസർപ്പക കഥകളിലെ പ്രേതനഗരത്തെ ഓർമപ്പെടുത്തി. മൊറാദാബാദ്‌ ദേശീയപാതയിൽ യമുനാവിഹാറിൽനിന്ന്‌ ഇടതുമാറി രണ്ടു കിലോമീറ്റർ ഉള്ളിലാണ്‌ ശിവ്‌വിഹാർ. ചെറിയ റോഡിലൂടെ അകത്തേക്ക്‌ കടക്കുമ്പോൾത്തന്നെ അന്തരീക്ഷമാകെ മാറും. എങ്ങും കത്തികരിഞ്ഞ വാഹനങ്ങളുടെ അവശിഷ്ടം. ബഹുനില കെട്ടിടങ്ങളടക്കം തീപിടിച്ച്‌ കരിഞ്ഞു. റോഡിലെങ്ങും കല്ലുകളും ഇഷ്ടികകളും കമ്പുകളും ചിതറിക്കിടക്കുന്നു. അന്തരീക്ഷമാകെ പുകമണം.

അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ഡിആർപി പബ്ലിക് സ്‌കൂളും രാജ്‌ധാനി സീനിയർ സെക്കൻഡറി സ്‌കൂളും അക്രമികൾ കത്തിച്ചു. പുസ്‌തങ്ങളും ഫർണച്ചറുമെല്ലാം കൂട്ടത്തോടെ തീയിട്ടു. തിങ്കളാഴ്‌ച പകൽ മൂന്നോടെയായിരുന്നു സ്‌കൂളുകൾ ആക്രമിച്ചത്‌. അധ്യയനം കഴിഞ്ഞ്‌ കുട്ടികൾ  പോയതിനാൽ വലിയ ദുരന്തമാണ്‌ ഒഴിവായത്‌.  ജീവനക്കാർ  പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു. ആയുധങ്ങമേന്തിയ നൂറിലേറെ വരുന്ന മുഖംമൂടി സംഘമാണ്‌  ആക്രമണം നടത്തതിയത്‌.

സ്‌കൂളിന്‌ സമീപമുള്ള നിരവധി വീടുകളും കടകളും അക്രമികൾ തീയിട്ടു. അഗ്നിശമനസേന ഒരു ദിവസത്തോളം പണിപ്പെട്ടാണ് തീയണച്ചത്‌. രണ്ടുദിവസം കഴിഞ്ഞും കെട്ടിടങ്ങളിൽനിന്ന്‌ പുക ഉയരുന്നുണ്ടായിരുന്നു. ശിവ്‌വിഹാറിൽ രണ്ട്‌ പള്ളിയും കത്തിനശിച്ചെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. ഒരു അഴുക്കുചാലിന്‌ കുറുകെയുള്ള പാലം കടന്നുവേണം അവിടേക്ക്‌ പോകാൻ. പാലം ലക്ഷ്യമിട്ട്‌ നടക്കാനൊരുങ്ങുമ്പോൾ വീണ്ടും സംഘർഷം. ഒരു മധ്യവയസ്‌കനെ ആയുധധാരികൾ വളഞ്ഞിട്ട്‌ ആക്രമിച്ചു. തലയ്‌ക്കും കൈക്കും അടിയേറ്റ്‌ അയാൾ കുഴഞ്ഞുവീണു.

ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാങ്ങി.
സംഘർഷ പ്രദേശങ്ങളിലൂടെ മാർച്ച്‌ ചെയ്‌ത് നീങ്ങുകയായിരുന്ന സുരക്ഷാസേന അടിയേറ്റയാൾക്ക്‌ പ്രഥമശുശ്രൂഷ നൽകി. പിന്നീട്‌ പൊലീസ്‌ വാഹനത്തിൽ ആശുപത്രിയിലേക്ക്‌ മാറ്റി. ശിവ്‌വിഹാർ പോലുള്ള പ്രദേശങ്ങൾ ഇനിയും സമാധാനസ്ഥിതി വീണ്ടെടുത്തിട്ടില്ല. ഏതുനിമിഷവും ഒരു പൊട്ടിത്തെറിയുണ്ടാകാം എന്നതാണ്‌ അവസ്ഥ.


പ്രധാന വാർത്തകൾ
 Top