കൊല്‍ക്കത്ത> ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്സിറ്റി മിന്നുന്ന വിജയവുമായി എസ്എഫ്ഐ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി, വനിത കോമണ്‍ റൂം സെക്രട്ടറി എന്നീ പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ വിജയം നേടി.
2017ല്‍ 90 വോട്ടിന് മാത്രമാണ് ഇന്‍ഡിപെന്‍ഡന്റ് കണ്സോളിഡേഷന് (ഐസി)എന്ന തീവ്ര ഇടതുസംഘടനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിച്ചതെങ്കില്‍, 472 വോട്ടിന്റെ മിന്നും വിജയമാണ് എസ്എഫ്ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിമോഷ ഗാരായ് ഇക്കുറി നേടിയത്.
വൈസ് പ്രസിഡന്റ്(359), ജനറല്‍ സെക്രട്ടറി(266), അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി(277), വനിത കോമണ്‍ റൂം സെക്രട്ടറി (ജിഎസ്ഇസി-104) എന്നിങ്ങനെയാണ് പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം.'യൂണിയനില്‍ അംഗമല്ലാത്ത കാലത്തും വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്എഫ്ഐ പ്രവര്‍ത്തിച്ചു. ഈ മാറ്റത്തിന് കാരണം അതാണ്'; ഗേള്‍സ് കോമണ്‍ റൂം സെക്രട്ടറിയായി വിജയിച്ച ശ്രുതി റോയ് മുഹാരി പ്രതികരിച്ചു.
ബോയ്സ് ഹോസ്റ്റലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തന്നെ തുടക്കം കുറിക്കുമെന്ന് യൂണിയന് ഭാരവാഹികള്‍ പ്രതികരിച്ചു. എംഫില്‍, പോസ്റ്റ് ഡോക്ടറേറ്റ് കോഴ്സുകള്‍ എല്ലാ വകുപ്പുകളിലും വേണമെന്നും എസ്എഫ്ഐ സര്‍വകലാശാലയോടാവശ്യപ്പെട്ടു.
ഇന്‍ഡിപ്പെന്‍ഡന്റ് കണ്സോളിഡേഷന്(ഐസി), എസ്എഫ്ഐ, ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് എന്നി പ്രധാന പാര്‍ട്ടികള്‍ക്കൊപ്പം എഐഎസ്എഫും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ടായിരുന്നു.
കാമ്പസില്‍ വോട്ടെടുപ്പ് നടത്താന്‍ ഈ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ഏകീകൃത സര്‍വകലാശാലകളില്‍ ആദ്യത്തേതായിരുന്നു പ്രസിഡന്‍സിയിലെ തെരഞ്ഞെടുപ്പ്. 116 ക്ലാസ് റെപ്രസന്റേറ്റീവുകള്‍ ഉള്ളതില്‍ 58 എണ്ണത്തില്‍ എസ്എഫ്ഐ വിജയിച്ചു. 52 സീറ്റുകളാണ് ഇന്‍ഡിപെന്‍ഡന്റ് കണ്സോളിഡേഷനുളളത്.
2,377 വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ 2017നെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം വോട്ടുകള്‍ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്. എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ക്യാമ്പസില്‍ വിജയം നേടണമെന്ന വിദ്യാര്‍ഥികളുടെ തീരുമാനത്തെ കൂടി സൂചിപ്പിക്കുന്നതായി ഈ കണക്കുകള്‍ എന്ന് എസ് എഫ് ഐ ചൂണ്ടിക്കാട്ടി.
82 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്.'ഈ വിജയം പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥികളുടെ വിജയമാണ്. വളരെ ജനാധിപത്യപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്'- സര്‍വകലാശാല രജിസ്ട്രാറായ ദേബാജ്യോതി കോനാര്‍ പറഞ്ഞു.